‘സുരേഷ് ഗോപിയ്ക്ക് ഞങ്ങളുടെ അത്ര തൊലിക്കട്ടി ആയിട്ടില്ല’: ശോഭ സുരേന്ദ്രൻ | Shobha Surendran responds to Suresh Gopi’s silence on Thrissur vote controversy | Kerala
Last Updated:
മാധ്യമപ്രവർത്തകർക്ക് ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരികെ ആത്മാർത്ഥത കാണിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു
തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങളിൽ സുരേഷ് ഗോപി മൗനം പാലിക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സുരേഷ് ഗോപിയ്ക്ക് തങ്ങളുടെ അത്ര തൊലിക്കട്ടിയില്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നാണ് ശോഭ പറഞ്ഞത്. ന്യൂസ് 18 കേരളയോടായിരുന്നു ശോഭയുടെ പ്രതികരണം.
ഞങ്ങളുടെയത്ര തൊലിക്കട്ടി സുരേഷ് ഗോപിയ്ക്ക് ആയിട്ടില്ല. ഞങ്ങളൊക്കെ ഈ ഗ്രൗണ്ടിൽ കിടന്ന് കുറെയേറെ നാളുകളായി കളിക്കുകയാണ്. അതുകൊണ്ട്, ഞങ്ങൾക്ക് കുറച്ചും കൂടി തൊലിക്കട്ടിയുമുണ്ട്. കുറെക്കൂടി കാര്യങ്ങളും ഞങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സ്നേഹത്തോടെയോ കൗതുകത്തോടെയോ തോളിലൊന്ന് കൈവെച്ചാൽ, പീഡനക്കേസിൽ അകത്തിടാൻ വേണ്ടി എത്ര വാർത്തകളാണ് മാധ്യമങ്ങൾ കൊടുക്കുന്നത്. ഇതും ചെയ്തത് മാധ്യമപ്രവർത്തകരിൽ ചിലരല്ലേ? മകളെപോലെ കണ്ടയൊരാളുടെ ഭാഗത്തു നിന്നുപോലും സ്ത്രീ പീഡനക്കേസുണ്ടായി. കോഴിക്കോട് അങ്ങാടിയിൽ ഒരു കള്ളനെപ്പോലെ ജാമ്യമെടുക്കാനും ചോദ്യം ചെയ്യലിനും വരേണ്ട ഗതിക്കേട് ഈ കേരളത്തിലെ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചു. മാധ്യമപ്രവർത്തകർക്ക് ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ ഞങ്ങൾ തിരിച്ചു കൊടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Thrissur,Kerala
August 13, 2025 5:53 PM IST