‘മത്സ്യത്തൊഴിലാളി സംവരണ അനുകൂല്യങ്ങൾ അർഹർക്ക് നൽകണം’: കുമ്മനം രാജശേഖരൻ Fishermens reservation benefits should be given to those who deserve its says Kummanam Rajasekharan | Kerala
Last Updated:
മതപരിവർത്തനത്തിലൂടെ അനർഹരായ പലരും സംവരണ അനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ലത്തീൻ കത്തോലിക്കരുടെ സംവരണ അനുകൂല്യങ്ങൾ അനർഹർ തട്ടിയെടുക്കുന്ന സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. സംവരണത്തിന് വേണ്ടി നടക്കുന്ന മതപരിവർത്തനം സംബന്ധിച്ച നാടർ സംഘടനകൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.
മതപരിവർത്തനത്തിലൂടെ അനർഹരായ പലരും സംവരണ അനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ലത്തീൻ കാത്തലിക് മതവിഭാഗത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നവരുടെ രേഖകൾ സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിദഗ്ധവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.വിവിധ നാടാർ സമുദായ സംഘടനകൾ സംസ്ഥാന സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതികൾ പരിശോധിച്ച് അതിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണം.
ലത്തീൻ കാത്തലിക് വിഭാഗത്തിന് അനുവദിച്ച നാല് ശതമാനം സംവരണം അനർഹമായി തട്ടിയെടുക്കുന്നതിനാൽ പരമ്പരാഗതമായ മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം മാത്രം ഉപജീവനമാർഗമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ ആ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ നേരിടുന്ന സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരിലാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകി വരുന്നത്. എന്നാൽ മറ്റു വിഭാഗങ്ങളിൽ നിന്ന് മതം മാറി ലത്തീൻ കാത്തലിക് ആകുന്നവർക്ക് ഈ സംവരണം നേടിയെടുക്കാൻ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചിലർ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഗസറ്റ് വിജ്ഞാപനം നടത്തി അനർഹർ സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണ്. മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കഴിക്കുന്ന തൊഴിലാളികൾക്ക് അർഹമായ സംവരണം കവർന്നെടുക്കുന്നത് ഭരണഘടന ലംഘനമാണ്. ഇതിനെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
Thiruvananthapuram,Kerala
August 14, 2025 4:22 PM IST