’29 ബാറുകളായിരുന്നത് ആയിരത്തോട് അടുത്തു’; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാബാവ| orthodox churchc hief baselios mar thoma Mathews III against liquor policy of ldf government | Kerala
Last Updated:
വിശപ്പിന് അരിവാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച് തരും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുകയാണെന്നും സഭാധ്യക്ഷന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
മദ്യം വീടുകളിലെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തി. റേഷന്‍ കടയില്‍ പോയി വിരല്‍ പതിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനൊരുങ്ങുന്നത്. ഇതോടെ ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാമെന്നും സഭാധ്യക്ഷന്‍ വിമര്‍ശിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവിനെ ലളിതവത്കരിച്ച് വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും കാതോലിക്കാബാവ കൂട്ടിച്ചേര്‍ത്തു.
‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍’, ‘എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും’, ‘ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല സ്കൂളുകളാണ്’. പരസ്യവാചകങ്ങള്‍ക്ക് കേവലം വിപണി താല്‍പ്പര്യങ്ങള്‍ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങള്‍.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്ത് കേവലം 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാര്‍ത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരിവാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളില്‍ ഇനി മുതല്‍ മദ്യപര്‍ക്ക് രാവിലെ മുതല്‍ കുടിച്ച് കുടുംബം തകര്‍ക്കാം.
ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവല്‍ക്കരിച്ച് വീടുകളിലേക്ക് ആനയിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ല. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. തിരുത്തണം…വീട്ടകങ്ങളില്‍ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും, വീട്ടമ്മമാരെയും ഓര്‍ത്ത് തിരുത്തണം…
-ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 12, 2025 11:39 AM IST