അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട് വിലയിരുത്തുംAmith Shah to have visit to Kerala monthly to evaluate BJP election preparations directly | Kerala
Last Updated:
എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയം കൊയ്യുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷാ എല്ലാ മാസവും കേരളത്തിലെത്തും. പ്രവർത്തനപുരോഗതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവസാന ഘട്ടം വരെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടു വിലയിരുത്തും.
കൊച്ചിയിൽ 22ന് നടക്കുന്ന യോഗത്തിൽ പുതിയ വോട്ടർമാരെ ചേർത്തതിന്റെ പുരോഗതി അദ്ദേഹം ജില്ലാ പ്രസിഡന്റുമാരുമായി ചർച്ച ചെയ്യും. എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ റോഡ് മാപ്പനുസരിച്ചു മൊത്തം 6 ലക്ഷം പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തെന്നാണു സൂചന. ‘ആദ്യം വാർഡിൽ വിജയം, പിന്നെ നിയമസഭാ സീറ്റ്’ എന്നാണ് അമിത് ഷാ നേതാക്കൾക്കു നൽകിയിട്ടുള്ള സന്ദേശം.
‘വികസിതകേരളം’ എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കി ൃയാണ് തദ്ദേശ സ്ഥാപന വികസന രൂപരേഖ തയാറാക്കുക. പ്രവർത്തനം നടത്തുന്ന പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകണമെന്നും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ പുറത്ത് പോകരുത് എന്നും സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം അമിത് ഷാ വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പു തന്ത്രജ്ഞരുടെ സംഘങ്ങൾ കേരളത്തിലെത്തിയിരുന്നു. തോൽക്കുമെന്നു കരുതിയ ഹരിയാനയിലും ഡൽഹിയിലും വലിയ വിജയം നേടിക്കൊടുത്ത ബിജെപി നേതാക്കളടങ്ങുന്ന ടീമുകൾ ആണ് കേരളത്തിലെത്തിയത്.
പ്രവർത്തകർക്ക് മൊബൈൽ ആപ്പ് നൽകും. ഓരോ വീട്ടിലും എത്തുന്നതും എത്ര സമയം ചെലവിടുന്നു എന്നതും വീട്ടുകാരുടെ അഭിപ്രായം എന്താണെന്നും മൊബൈലിൽ അപ്ലോഡ് ചെയ്യണം. വാർഡ് തലത്തിൽ നിയോഗിക്കപ്പെട്ടവർ എത്ര വീടുകളിലെത്തിയെന്നുവരെ കൃത്യമായി സംസ്ഥാനതല കൺട്രോൾ റൂമിൽ വിവരം ലഭിക്കും.
പട്ടിക വിഭാഗത്തിന്റെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി അഞ്ചുപേരുടെ പാനലാണ് സ്ഥാനാർഥി നിർണയത്തിനു തയ്യാറാക്കുക. നിലവിൽ പാർട്ടിക്ക് 25 ശതമാനത്തിലധികം വോട്ടുള്ള വാർഡുകളിൽ 10 ശതമാനം വർധനവുണ്ടാക്കുകയാണ് ലക്ഷ്യം.
വരും ദിവസങ്ങളിൽ വാർഡ് തല മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് സമ്മേളനങ്ങളും അതിനു ശേഷം പഞ്ചായത്തു തല ശിൽപശാലകൾ, യുഡിഎഫ് – എൽഡിഎഫ് തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, വികസന വീഴ്ച എന്നിവയെക്കുറിച്ചു കുറ്റ പത്രം തയാറാക്കൽ, വാർഡ്തല പദയാത്രകൾ എന്നിവ നടത്തും. പാർട്ടിക്കു കൂടുതൽ ജനപ്രതിനിധികളുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല പ്രധാന നേതാക്കൾക്കു നൽകി.
ജില്ലാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുൻ ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാവും വിഷയം ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുക. സ്ഥാനാർത്ഥിനിർണയം ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംഘടനാജില്ലാതല ചുമതല പ്രഭാരിമാർക്കാണ്.
Thiruvananthapuram,Kerala
August 16, 2025 9:29 AM IST
അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട് വിലയിരുത്തും