ആനപ്രേമികളുടെ ഇഷ്ടതാരം ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു| Erattupetta Ayyappan the favorite tusker of elephant lovers died | Kerala
Last Updated:
കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ
കോട്ടയം: ആനപ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാലുമാസമായി ചികിത്സയിലായിരുന്നു. ഏറെ നാളായി ആരോഗ്യപ്രശ്ങ്ങള്‍ അലട്ടിയിരുന്ന കൊമ്പൻ എഴുന്നള്ളത്തിനിടെ കൊല്ലത്തും തൃശൂരിലും ചേര്‍ത്തലയിലും കുഴഞ്ഞു വീണിരുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചതോടെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലായിരുന്നു.
കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ. ലേലം വിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകൊമ്പനാണ് പിന്നീട് ആനപ്രേമികളുടെ ഇഷ്ടംപിടിച്ചുപറ്റിയ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തുമ്പോള്‍ അഞ്ച് വയസ്സായിരുന്ന ആന അമ്പത് വര്‍ഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു.
1977 ഡിസംബർ 20 ന് ലേലത്തിൽ പിടിക്കുമ്പോൾ അയ്യപ്പന് അഞ്ചു വയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലം കഴിഞ്ഞ് അയ്യപ്പൻ ഈരാറ്റുപേട്ടയിലെത്തുമ്പോൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു.
സ്വതവേ ശാന്തപ്രകൃതക്കാരനായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന്‍. ഐരാവതസമന്‍ ഗജരാജന്‍, ഗജരത്നം ഗജോത്തമന്‍, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുള്ള ഗജവീരനായിരുന്നു. ഒട്ടേറെ ആനപ്രേമികളാണ് ഈരാറ്റുപേട്ട അയ്യപ്പന് അന്ത്യാഞ്ജലി നേർന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
Kottayam,Kottayam,Kerala
August 19, 2025 2:53 PM IST