Leading News Portal in Kerala

ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രത്തിന്റെ ദുർ‌ഗന്ധം; കോടതി നടപടികൾ നിർത്തിവെച്ചു| kerala High Court proceedings disrupted due to odour civet urine | Kerala


Last Updated:

കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്

കേരള ഹൈക്കോടതികേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: മരപ്പട്ടി മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങ് താൽക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമാണ് ഇന്ന് പരിഗണിച്ചത്. കനത്ത ദുര്‍ഗന്ധമാണ് അഭിഭാഷകര്‍ ഇരിക്കുന്നിടത്ത് ഉള്ളത്. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.

കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. കോടതി ഹാൾ വൃത്തിയാക്കിയശേഷം വീണ്ടും കേസുകൾ പരിഗണിക്കും. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്.

സീലിങ് വഴി അകത്തെത്തിയ മരപ്പട്ടി ഹാളിൽ മൂത്രമൊഴിച്ചുവെക്കുകയായിരുന്നുവെന്ന് കരുതുന്നു. ഹൈക്കോടതിയിലെ ഒന്നാംനമ്പർ ചേംബറിലാണ് സംഭവം. കോടതിമുറിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ആണ് സിറ്റിങ് നിർത്തിവെച്ചത്. ‌

മുൻപ് ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നുവയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുടെ തടികൊണ്ടുള്ള മച്ചിലാണ് മരപ്പട്ടികൾ ഓടിനടക്കുന്നത്.