Leading News Portal in Kerala

ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ| Young mans death was not caused by wild boar but by a car crash | Kerala


Last Updated:

അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു

ആദർശ്, അപകടത്തിൽപെട്ട ബൈക്ക്ആദർശ്, അപകടത്തിൽപെട്ട ബൈക്ക്
ആദർശ്, അപകടത്തിൽപെട്ട ബൈക്ക്

തിരുവനന്തപുരം: പാലോട് മടത്തറയിൽ ടെക്നോപാർക്ക് ജീവനക്കാരനായ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അവധിദിനത്തില്‍ തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില്‍ രാമമംഗലം ബംഗ്ലാവില്‍ ആദർശ്(26) മരിച്ചത്. കാർ ഡ്രൈവർ തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുല്‍ഖാദറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് മടത്തറ വേങ്കൊല്ല വനം വകുപ്പ് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

ഇതും വായിക്കുക: കോട്ടയത്ത് റിട്ടയേർഡ് എസ് ഐ ലോഡ്ജിൽ മരിച്ച നിലയിൽ

നാല് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു ആദർശ്. തമിഴ്നാട്ടില്‍നിന്ന് വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു കാർ. കാട്ടുപന്നിയെ ഇടിച്ച്‌ നിയന്ത്രണംവിട്ട കാർ, എതിരേ വരികയായിരുന്ന ആദർശിന്റെ ബൈക്കിലിടിച്ചു. എന്നിട്ടും ആദർശിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ കാർ ഡ്രൈവർ മുന്നോട്ടുപോയി.

അരക്കിലോമീറ്ററോളം മുന്നോട്ടുപോയപ്പോഴാണ് എതിരേ ബൈക്കുകളില്‍ ആദർശിന്റെ സുഹൃത്തുക്കള്‍ വരുന്നത് കണ്ടത്. അബ്ദുല്‍ഖാദർ കാർ നിർത്തി ഇവരോടു സംസാരിച്ചെങ്കിലും ബൈക്കില്‍ ഇടിച്ച വിവരം പറഞ്ഞില്ല. സുഹൃത്തുക്കള്‍ വീണ്ടും മുന്നോട്ടുപോയപ്പോഴാണ് ആദർശ് അപകടത്തില്‍പ്പെട്ടുകിടക്കുന്നത് കണ്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആദർശ് ഏറെനേരം ചോരയൊലിപ്പിച്ച്‌ റോഡില്‍ കിടന്നിരുന്നു. പിന്നീട് ഇതുവഴി വന്ന ജീപ്പിലാണ് കൂട്ടുകാർ ആദർശിനെ കടയ്ക്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ ഇടിച്ച്‌ ചത്ത പന്നിയെ അപകടസ്ഥലത്തിന് സമീപത്തുനിന്നു കണ്ടെത്തി. രാവിലെ അപകടസ്ഥലത്ത് കാറിന്റെ പൊട്ടിയ ഭാഗങ്ങള്‍ കണ്ടപ്പോഴാണ് സംശയംതോന്നിയത്. ആദർശിന്റെ സുഹൃത്തുക്കള്‍ കാറിന്റെ നമ്പർ കുറിച്ചെടുത്തിരുന്നത് ചിതറ പൊലീസിനു കൈമാറി. കാട്ടുപന്നിയിടിച്ച്‌ കേടുവന്ന കാർ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ വർക്ക് ഷോപ്പിൽ എത്തിച്ചപ്പോഴാണ് അബ്ദുല്‍ഖാദറിനെ അറസ്റ്റുചെയ്തത്. അജയകുമാർ- ശ്രീകല ദമ്പതികളുടെ ഏകമകനാണ് മരിച്ച ആദർശ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ