കണ്ണൂരിൽ ചവിട്ടിയുടെ അടിയിലെ താക്കോലെടുത്ത് മോഷണം നടന്ന വീട്ടിലെ മരുമകൾ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയിൽ|Kannur house robbery Daughter-in-law found murdered in Karnataka | Kerala
Last Updated:
വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്
ഇരിക്കൂർ: കണ്ണൂർ കല്യാട് ചുങ്കസ്ഥാനത്ത് ചവിട്ടിയുടെ അടിയിലെ താക്കോലെടുത്ത് പട്ടാപ്പകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ ദുരൂഹതയേറി. മോഷണം നടന്ന വീട്ടിലെ വീട്ടുടമസ്ഥയായ സുമതയുടെ മകനായ സുഭാഷിൻ്റെ ഭാര്യ ദർശിതയെ (22) കർണാടകയിലെ സാലിഗ്രാമിലെ ലോഡ്ജിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ദർശിത കൊല്ലപ്പെട്ട വിവരം ഇരിട്ടി പോലീസിന് ലഭിച്ചത്.
വെള്ളിയാഴ്ചയാണ് കല്യാട്ടെ അഞ്ചാംപുര വീട്ടിൽ സുമതയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കൾ മുൻഭാഗത്തെ വാതിൽ തുറന്നാണ് അകത്ത് കയറിയത്. തുടർന്ന്, കിടപ്പുമുറിയിലെ അലമാരയുടെ താക്കോലെടുത്ത് ആഭരണങ്ങൾ കവർന്നു. രണ്ടാം നിലയിലെത്തിയ മോഷ്ടാക്കൾ സൂരജിൻ്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും എടുത്തു.
ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ ചെങ്കൽപണിക്ക് പോയതായിരുന്നു സുമതയും മറ്റൊരു മകനായ സൂരജും. അവർ പോയതിന് ശേഷം ദർശിത രണ്ടര വയസ്സുള്ള മകളോടൊപ്പം വീട് പൂട്ടി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോയെന്നാണ് പോലീസ് നൽകുന്ന വിവരം. വൈകിട്ട് 4:30-ന് സുമത തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
മോഷണത്തെക്കുറിച്ച് വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് ദർശിതയെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. ദർശിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഒരാളെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ദർശിതയുടെ ആൺസുഹൃത്താണെന്നാണ് വിവരം.
രാവിലെ ക്ഷേത്രത്തിൽ പോയതിന് ശേഷം ലോഡ്ജിൽ മുറിയെടുത്തെന്നും, പിന്നീട് ഭക്ഷണം വാങ്ങാൻ പുറത്തുപോയി തിരികെ വന്നപ്പോൾ ദർശിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഈ മൊഴി പോലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം.
Kannur,Kannur,Kerala
August 24, 2025 10:27 PM IST
കണ്ണൂരിൽ ചവിട്ടിയുടെ അടിയിലെ താക്കോലെടുത്ത് മോഷണം നടന്ന വീട്ടിലെ മരുമകൾ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയിൽ