Leading News Portal in Kerala

‘അന്ന് തുറന്നു പറയാതിരുന്നത് ജീവന് ഭീഷണിയുണ്ടിരുന്നതിനാല്‍’; അവന്തികയുടെ മറുപടി|Transgender Avantika responds to audio recording released by Rahul Mamkoottathil at press conference | Kerala


Last Updated:

ആരോപണം ഉന്നയിക്കുന്നതിന് മുൻപ് അവന്തിക തന്നെ വിളിച്ചെന്നും, തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്

News18News18
News18

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ അവന്തിക രംഗത്ത്. രാഹുൽ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിനുള്ള ശബ്ദരേഖയാണെന്നും, അന്ന് മാധ്യമപ്രവർത്തകനോട് സത്യം വെളിപ്പെടുത്താതിരുന്നത് ജീവനിൽ ഭയം ഉണ്ടായിട്ടാണെന്നും അവന്തിക വ്യക്തമാക്കി. പിന്നീട് അതേ മാധ്യമപ്രവർത്തകനോടാണ് താൻ കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

രാഹുലിനെ ഭയന്നാണ് നേരത്തെ തുറന്നുപറയാതിരുന്നതെന്നും, തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും അവന്തിക അറിയിച്ചു. “മാധ്യമപ്രവർത്തകൻ വിളിച്ച കാര്യം ഞാൻ സൗഹൃദമുണ്ടായിരുന്ന സമയത്ത് രാഹുലിനോട് പറഞ്ഞിരുന്നു. ആ സൗഹൃദം മുതലെടുത്താണ് രാഹുൽ മോശം സന്ദേശം അയച്ചത്. എനിക്കയച്ച ആ സന്ദേശം രാഹുൽ എന്തുകൊണ്ട് പുറത്തു കാണിക്കുന്നില്ല? ഇതൊക്കെ വെളിപ്പെടുത്തിയതിന് ശേഷം എനിക്ക് നേരെ സൈബർ ആക്രമണമുണ്ട്. ഫോൺ കോളുകൾ വരുന്നു. എനിക്ക് ഇപ്പോഴും ടെൻഷനുണ്ട്,” അവന്തിക പറഞ്ഞു.

ആരോപണം ഉന്നയിക്കുന്നതിന് മുൻപ് അവന്തിക തന്നെ വിളിച്ചെന്നും, തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. രാഹുൽ പുറത്തുവിട്ടത് അവന്തിക ന്യൂസ് 18 മാധ്യമപ്രവർത്തകനുമായി സംസാരിക്കുന്ന ശബ്ദരേഖയായിരുന്നു. ഓഗസ്റ്റ് 1ന് സംസാരിച്ച ശബ്ദരേഖയാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വിട്ടത്. ഓഗസ്റ്റ് 21നാണ് ന്യൂസ് 18 ലൈവിൽ അവന്തിക ദുരനുഭവം പറഞ്ഞത്.

അതേസമയം, പാർട്ടിക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാക്കില്ലെന്നും പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടിക്കുവേണ്ടി പ്രതിരോധം തീർത്ത വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകാൻ തയ്യാറായില്ല.