Leading News Portal in Kerala

സിപിഎമ്മിലെ കത്ത് വിവാദം; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ നിയമനടപടിയുമായി തോമസ് ഐസക്| CPM letter controversy TM Thomas Isaac takes legal action against Muhammed Sharshad | Kerala


Last Updated:

അസംബന്ധ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതേണ്ടെന്ന് തോമസ് ഐസക്

ഡോ. ടി എം തോമസ് ഐസക്ഡോ. ടി എം തോമസ് ഐസക്
ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ സിപിഎമ്മിലെ കത്ത് വിവാദത്തിൽ നിയമനടപടിയുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ.ടി എം തോമസ് ഐസക്ക്. ആരോപണം ഉന്നയിച്ച ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അഭിഭാഷകൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

വിവാദമായ കത്തിൽ എം ബി രാജേഷ്, തോമസ് ഐസക്ക്, പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണ് യു കെ വ്യവസായിയായ രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു. മാത്രമല്ല വിദേശത്തെ ചില കടലാസ് കമ്പനികളുടെ പേരിൽ തീരദേശ മേഖലയിൽ ചില പദ്ധതികൾ കൊണ്ടുവരികയും അതിന്റെ പേരിൽ കടലാസ് കമ്പനി ഉടമകളുടെ കൈയിൽ നിന്ന് സിപിഎമ്മിന്റെ നേതാക്കൾ പണം വാങ്ങിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളും പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്തിൽ ഉണ്ടായിരുന്നു.

ഈ മാസം ഏഴിന് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് കത്ത് ചോർത്തൽ വിവാദം പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും മകൻ ശ്യാംജിത്തിനെയും ആരോപണ നിഴലിലാക്കിയായിരുന്നു വിവാദം. 2024 മെയ് 27 ന് മുഹമ്മദ് ഷർഷാദ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന നേതാക്കൾക്കും അയച്ചതാണ് ഈ കത്ത്.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഹമ്മദ് ഷര്‍ഷാദിന് നോട്ടീസ് അയച്ചിരുന്നു.പിബിക്ക് മുഹമ്മദ് ഷര്‍ഷാദ് അയച്ച കത്ത് പുറത്തായത് വന്‍വിവാദമായതോടെയാണ് എം വി ഗോവിന്ദന്‍ നിയമ നടപടിയിലേക്ക് നീങ്ങിയത്. കത്ത് ചോര്‍ച്ചക്ക് പിന്നില്‍ തന്റെ മകനല്ലെന്നും ഷെര്‍ഷാദ് തന്നെയാണെന്നാണ് വക്കീല്‍ നോട്ടീസില്‍ എം വി ഗോവിന്ദന്‍ പറയുന്നത്. തന്റെ മകന്‍ കത്ത് ചോര്‍ത്തിയെന്ന ആരോപണം പൊതു സമൂഹത്തില്‍ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദന്‍ നല്‍കിയ വക്കീല്‍ നോട്ടീസിലെ ആവശ്യം.

നോട്ടീസയച്ച വിവരം തോമസ് ഐസക്ക് ഫേസ്ബുക്കിൽ  പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍ മുഹമ്മദ് ഷര്‍ഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാന്‍ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

എന്നെക്കുറിച്ച് പറഞ്ഞ ആക്ഷേപം പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതി വക്കീലായ രഘുരാജ് അസോസിയേറ്റ്‌സിനെ ചുമതലപ്പെടുത്തി. അവര്‍ ഇന്നലെ നോട്ടീസും കൊടുത്തു. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. പിന്നെ നമുക്ക് കോടതിയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സിപിഎമ്മിലെ കത്ത് വിവാദം; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ നിയമനടപടിയുമായി തോമസ് ഐസക്