Leading News Portal in Kerala

ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് ചിത്രീകരണം; പുണ്യാഹം നടത്തും; പൂജകൾ ആവർത്തിക്കും | Guruvayur temple to undergo purification rituals after influencer reel shoot in temple pond | Kerala


Last Updated:

​ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും

News18News18
News18

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീൽസ് ചിത്രീകരിക്കുന്നതിനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയുമാണ് ക്ഷേത്രത്തിൽ നടക്കുക. അതിനാൽ ഭക്തജനങ്ങൾക്ക് നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണമുണ്ടായിരിക്കും.

സോഷ്യൽമീഡിയ താരമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ​ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ഇറങ്ങിയത്. ഇൻസ്റ്റ​ഗ്രാമിൽ റീൽ പങ്കുവച്ചതിന് പിന്നാലെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതിയും നൽകിയിരുന്നു. ആരാധനാലയത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുൻകൂർ അനുമതിയില്ലാതെ വിഡിയോകളോ റീലുകളോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് അന്ന് നൽകിയ പരാതി.

മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്.

ഇതിനെ തുടർന്ന്, ജാസ്മിൻ തന്റെ ഭാ​ഗത്ത് നിന്നുണ്ടായ തെറ്റിന് ക്ഷമാപണവും നടത്തിയിരുന്നു. ‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല.. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നത്.