Last Updated:
മൃതദേഹം ചൂളയിൽ വച്ച ശേഷം അഗ്നി പകരുന്നതിന് കർപ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു
പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്കാര ചടങ്ങിനിടെ അപകടം. ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്നും തീ പടർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. പഴവങ്ങാടി പഞ്ചായത്തിന്റെ കീഴിലുള്ള വാതക ശ്മശാനത്തിലാണ് അപകടം സംഭവിച്ചത്.
തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. പുതമൺ പുത്തൻപുരയ്ക്കൽ വീട്ടിൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജാനകിയമ്മയുടെ കൊച്ചുമക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും.
വാതക ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു അപകടം. മൃതദേഹം ചൂളയിൽ വച്ച ശേഷം അഗ്നി പകരുന്നതിന് ജിജോ കർപ്പൂരം കത്തിച്ചു വയ്ക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ജിജോയ്ക്കാണ് സാരമായ പൊള്ളലേറ്റത്. വാതകം തുറന്നു വിട്ടിരുന്നത് ഇവർ അറിഞ്ഞിരുന്നില്ല.
ശ്മശാനത്തിലെ ജോലിക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ളവർ മദ്യപിച്ചിരുന്നതായി ചടങ്ങിൽ പങ്കെടുത്തവർ പറയുന്നു. അശ്രദ്ധയോടെ അവർ വാതകം തുറന്നു വിട്ടതാണ് വിനയായതെന്ന് ബന്ധുക്കളുടെ ആരോപണം.
എന്നാൽ, വാതക ശ്മശാനത്തില്‍ ഇത്തരത്തിലുള്ള കര്‍പ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
Pathanamthitta,Kerala
August 25, 2025 8:41 PM IST