ഷാഫിയുടെയും രാഹുലിൻ്റെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണം; എഐവൈഎഫ് | AIYF demands investigation into Shafi and Rahul Mamkootathil financial sources | Kerala
Last Updated:
ഇരുവരും ചേർന്ന് പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം പിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ് ഡിജിപിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഇരുവർക്കും പിന്നിൽ വലിയൊരു ക്രിമിനൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജിസ്മോൻ പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനൽ സംഘം വളർന്നു കൊണ്ടിരിക്കുന്നു. പണവും അധികാരവും ദുർവിനിയോഗം ചെയ്തുകൊണ്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു.
ആ ട്രോളി ബാഗിന്റെ പഴയ വീഡിയോ ഒരിക്കൽ കൂടി നോക്കിയാൽ ഇത് മനസ്സലാകുമെന്നും എഐവൈഎഫ് പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നിലധികം യുവതികൾ പേരുപറഞ്ഞും അല്ലാതെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റേതെന്ന അടക്കം ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ രാജി വച്ചത്.
പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സെപ്റ്റംബർ 15-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
Thiruvananthapuram,Kerala
August 25, 2025 10:03 PM IST