Leading News Portal in Kerala

തൃശൂരിലെ ലുലു മാളിനെതിരെ കേസ് നല്‍കിയത് CPI നേതാവ്; പാർട്ടിക്ക് പങ്കില്ലെന്ന് ബിനോയ് വിശ്വം| CPI state secretary Binoy Viswam stated that the party has no role in the delay of the construction of Lulu Mall in thrissur | Kerala


Last Updated:

സിപിഐ അർ‌ത്ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല- ബിനോയ് വിശ്വം

ലുലുമാൾലുലുമാൾ
ലുലുമാൾ

തൃശൂരില്‍ ലുലു മാള്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. സിപിഐ നേതാവാണ് മാള്‍ നിർമാണത്തിനെതിരെ കേസ് നൽകിയത്. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്. എന്നാൽ‌ പരാതി നല്‍കിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം. സിപിഐക്ക് ഈ പരാതിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.

ആരാണ് പരാതിക്കാരൻ?

പരാതി നല്‍കിയത് വ്യക്തിപരമായാണ്. പാര്‍ട്ടിക്കിതില്‍ പങ്കില്ല. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നത്. ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് ഇപ്പോഴെന്നും മുകുന്ദന്‍ പറഞ്ഞു. 2001 മുതല്‍ 2005വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18മാസം പ്രസിഡന്റും ആയിരുന്നു മുകുന്ദന്‍. നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്.

എം എ യൂസഫലി പറഞ്ഞത്

തൃശൂരില്‍ ലുലു മാള്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. തൃശൂര്‍ ചിയ്യാരത്ത് തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും യൂസഫലി പറഞ്ഞു.

മാള്‍ നിർമിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസ് കൊടുത്തത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനോയ് വിശ്വത്തിന്റെ പ്രതികരണം

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതില്‍ സിപിഐക്ക് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ അർ‌ത്ഥപൂര്‍ണമായി വികസനത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. അല്ലാതെ വികസനത്തിന്റെ വഴി മുടക്കുന്ന പാര്‍ട്ടിയല്ല. ഏതോ ഒരു പാര്‍ട്ടിയെ പറ്റി പറഞ്ഞു. ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല. ആ പാര്‍ട്ടി സിപിഐയില്ല. ഹര്‍ജി കൊടുത്തയാള്‍ തന്നെ സിപിഐയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.