എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിൽ ഇനി മാനേജ്മെന്റുകൾക്ക് നിയന്ത്രണമില്ല | no role for managements in appointment of appointment process for differently abled teachers Kerala | Kerala
Last Updated:
സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനാധികാരം സർക്കാർ ഏറ്റെടുത്തതോടെ ഇതിൽ മാനേജ്മെന്റുകൾക്ക് ഇനി നിയന്ത്രണമില്ല. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജില്ലാതല സമിതികൾ തിരഞ്ഞെടുക്കുന്നവർക്കു നിയമനം നൽകുന്ന ചുമതല മാത്രമാകും മാനേജ്മെന്റുകൾക്ക്. ഈ സമിതിയിൽ മാനേജ്മെന്റിന് പ്രാതിനിധ്യവുമില്ല.
സർക്കാർ നടപടിക്കെതിരെ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നിയോഗിച്ച സർക്കാർ സമിതികൾ പ്രവർത്തനം തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തവരുടെ അഭിമുഖം നടത്തി നിയമനം നൽകേണ്ടവരുടെ പട്ടിക മാനേജ്മെന്റുകൾക്കു കൈമാറുക എന്നതാണ് ജില്ലാതല സമിതികളുടെ ചുമതല.അപ്പീൽ അധികാരിയുടെ ചുമതലയാണ് സംസ്ഥാന സമിതിക്ക്.
സമന്വയ പോർട്ടലിലുള്ള ഒഴിവുകളിലേക്ക് ഒരു തസ്തികയിൽ 12 പേരുകൾ എന്ന കണക്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് യോഗ്യരായവരുടെ പട്ടിക പോർട്ടൽ വഴി തന്നെ നൽകും. എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ അധ്യാപക തസ്തികകളിലേക്ക് 2,200 പേർ മാത്രമാണ് യോഗ്യരായവർ. എന്നാൽ സ്കൂളുകളിലെ മറ്റു തസ്തികകളിലേക്ക് 1.16 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭിന്നശേഷി തസ്തികകളിൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാനുള്ള കോടതി വിധി നടപ്പാക്കുന്നതിൽ മാനേജ്മെന്റുകളുടെ ഭാഗത്തു നിന്നു കാലതാമസം നേരിട്ടതോടെയാണ് അർഹരായവരെ കണ്ടെത്താനുള്ള ചുമതല സുപ്രീം കോടതി സർക്കാരിനെ ഏൽപിച്ചത്.
Thiruvananthapuram,Kerala
August 26, 2025 3:58 PM IST