ശിവവാഹനമായ കാളയെ ഉപയോഗിച്ച യുവമോർച്ചയുടെ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തി; പരാതിയുമായി കോൺഗ്രസ്| youth congress complaint against yuvamorcha for using bull lord shiva vehicle for protest against rahul mamkootathil | Kerala
Last Updated:
നട്ടുച്ച സമയത്ത് കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിച്ചെന്നും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു
തിരുവനന്തപുരം: ആരോപണങ്ങളുടെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട ആണ് ഡിജിപിക്ക് പരാതി നൽകിയത്.
നട്ടുച്ച സമയത്ത് കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിച്ചെന്നും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയർത്തി. കാളയുമായുള്ള മാർച്ച് പൊലീസ് തടയുകയും പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. ‘ഹു കെയേഴ്സ്’ എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റ്യൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം രാഹുലിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവച്ചത്. കോൺഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 26, 2025 10:26 AM IST