എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു; മരണം ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ| kerala cader ips officer ADGP Mahipal Yadav passes away | Kerala
Last Updated:
പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് മരിച്ചത്
തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസർ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് മരിച്ചത്. കേരള പൊലീസ് ക്രൈംസ് എഡിജിപിയായിരുന്നു. കേരള എക്‌സൈസ് കമ്മീഷണറായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ക്രൈംസ് എഡിജിപിയായി നിയമിച്ചത്. ഈ മാസം 30നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.
1997 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. എക്‌സൈസ് കമ്മീഷണര്‍, അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി), എറണാകുളം റേഞ്ച് ഐ ജി, കേരള ബിവറേജസ് കോർപറേഷന്‍ എം ഡി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.
രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശിയായ മഹിപാല്‍ യാദവ് സിബിഐയില്‍ തുടരവേ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി, സമാജ് വാദി പാര്‍ട്ടി തലവനായ മുലായംസിങ് യാദവിന്റെ അനധികൃത സ്വത്ത് കേസ് എന്നിവയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. 2018 മുതല്‍ അതിര്‍ത്തി സുരക്ഷാ സേനാ ഐജിയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 27, 2025 2:26 PM IST
