സിപിഎം വിമത കലാ രാജു യുഡിഎഫിനെ പിന്തുണച്ചു; കൂത്താട്ടുകുളം നഗരസഭാ ഭരണം എൽഡിഎഫിന് നഷ്ടമായി| kala raju elected as chairperson ldf lost Koothattukulam Municipality Election | Kerala
Last Updated:
സിപിഎം വിമതയായ കലാ രാജുവിനെ യുഡിഎഫ് പിന്തുണയോട അധ്യക്ഷയായി തിരഞ്ഞെടുത്തു. 12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം. നഗരസഭാ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം വിമതയായ കലാ രാജുവിനെ യുഡിഎഫ് പിന്തുണയോട അധ്യക്ഷയായി തിരഞ്ഞെടുത്തു. 12ന് എതിരെ 13 വോട്ടുകൾക്കായിരുന്നു വിജയം. നഗരസഭാ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വിജയ ശിവനാണ് കലാ രാജുവിനോട് പരാജയപ്പെട്ടത്. അടുത്തിടെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പംനിന്ന സ്വതന്ത്ര കൗൺസിലർ പി ജി സുനിൽ കുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാണ് ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. സണ്ണി കുര്യാക്കോസാണ് എൽഡിഎഫ് സ്ഥാനാർത്ഥി.
ജനുവരിയിലെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂത്താട്ടുകുളം നഗരസഭയിലെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. അന്ന് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ, യോഗത്തിനെത്തിയ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാനായില്ല. കലാ രാജുവിനെ വൈകിട്ട് മോചിപ്പിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് 2 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സിപിഎമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. സിപിഎമ്മുകാർ മർദിച്ചെന്ന് ആരോപിച്ച് കലാ രാജു എറണാകുളത്തെ
ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
ഈ മാസമാദ്യമായിരുന്നു നഗരസഭയില്‍ യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇത്തവണ കലാ രാജു യുഡിഎഫിന് തന്നെ വോട്ടു ചെയ്തു. സ്വതന്ത്ര അംഗം സുനിൽ കുമാറും യുഡിഎഫിനൊപ്പം നിന്നതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. 11നെതിരെ 13 വോട്ടുകൾക്കായിരുന്നു യുഡിഎഫ് വിജയം. എൽഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയാണ് അന്ന് പരാജയം ഏറ്റുവാങ്ങിയത്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്തൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ കലാ രാജുവും സുനിൽ കുമാറും പിന്തുണച്ചതോടെ അവിശ്വാസം പാസാക്കുകയായിരുന്നു.
Kochi [Cochin],Ernakulam,Kerala
August 29, 2025 1:11 PM IST