Leading News Portal in Kerala

തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കിയ ആംബുലൻസിൽ രോഗിയില്ലായിരുന്നു; ഡ്രൈവർക്കെതിരെ കേസ്|There was no patient in the ambulance that a policewoman cleared way in Thrissur Case filed against the driver | Kerala


Last Updated:

തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്

News18News18
News18

തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലൂടെ ഓടിയ പോലീസുകാരി സാമൂഹികമാധ്യമങ്ങളിൽ വലിയ താരമായതാണ്. എന്നാൽ ആംബുലൻസിൽ രോ​ഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ കേസിൽ ട്വിസ്റ്റും ഉണ്ടായിരിക്കുന്നു. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. രോ​ഗി അത്യാസന്ന നിലയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപ്പെടലെന്നായിരുന്നു റിപ്പോർട്ടുകൾ. കേരള പോലീസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലടക്കം ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.

ഗതാ​ഗതക്കുരുക്ക് രൂക്ഷമാണെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലൻസിന് പിന്നിൽനിന്ന് ഓടിവന്ന് മുന്നിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാരോട് വാഹനം ഒതുക്കാൻ അപർണ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അവർ പിന്മാറിയത്.

ദൃശ്യങ്ങളിൽ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായി. വലതുവശത്തുനിന്നും ദൃശ്യങ്ങൾ പകർത്തണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാണ്, ഡ്രൈവർ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസിൽ രോ​ഗിയില്ലെന്നുള്ള വിവരം ലഭിച്ചത്.

വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോ​ഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സൈറൺ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോ​ഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വാദം.