Leading News Portal in Kerala

ഉദയകുമാർ കസ്റ്റഡി ഉരുട്ടിക്കൊലക്കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും|udayakumar custodial death case CBI will file appeal against high court verdict in supreme court | Kerala


Last Updated:

കേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകും

News18News18
News18

കൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയും കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് അറിയിച്ചു. സിബിഐ തിരുവനന്തപുരം സ്പെഷൽ ക്രൈം യൂണിറ്റാണ് സിബിഐ ആസ്ഥാനത്തേക്ക് ഇതിനായി ശുപാർശ നൽകുക. സിബിഐ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകും.

സിബിഐ നടത്തിയ കേസിന്റെ അന്വേഷണവും വിചാരണയും നിയമപരമായി നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. ഒന്നാംപ്രതി ജിതകുമാറിന്റെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അതേസമയം, സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നും പ്രതികളെല്ലാം വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നുവെന്നും സിബിഐ അപ്പീലിൽ ചൂണ്ടിക്കാട്ടിയേക്കും. കേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകും. വിധിപ്പകർപ്പ് ലഭിച്ചതായും അഭിഭാഷകരുമായി കൂടിയാലോചിച്ച് അപ്പീൽ നൽകാനാണ് തീരുമാനമെന്നും ഉദയകുമാറിന്റെ മാതാവ് ജെ.പ്രഭാവതി അമ്മ പറഞ്ഞു. കേസിൽ എസ്പി, ഡിവൈഎസ്പി, എഎസ്ഐ, സിപിഒ എന്നിവര്‍ പ്രതികളായിരുന്നു. ഒന്നാം പ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാം പ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു.

2005 സെപ്റ്റംബർ 27നു തിരുവനന്തപുരം നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി രാത്രി പത്തരയോടെയാണു മരിച്ചത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 4000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാരിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.