സംസ്‌കാരച്ചടങ്ങിൽ തീ പടർന്ന് പൊള്ളലേറ്റ സംഭവം; ശ്മശാനത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടു|crematorium employees dismissed for accident by gas leak during cremation | Kerala
Last Updated:
ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി
പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്‌കാരച്ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ പാചക വാതകത്തിൽ നിന്നും തീ പടർന്നു 3 പേർക്കു പൊള്ളലേറ്റ സംഭവത്തിൽ ശ്മശാനത്തിലെ 2 ജീവനക്കാരെയും പിരിച്ചുവിട്ടു. ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന പഴവങ്ങാടി പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റിയിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്.
പഴവങ്ങാടി പഞ്ചായത്തിൻ്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ തിങ്കളാഴ്ചയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. പുതമൺ പുത്തൻപുരയ്ക്കൽ വീട്ടിൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, ശ്മശാനത്തിലെ ജീവനക്കാരുടെ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. അബദ്ധത്തിൽ സംഭവിച്ചതെന്നാണു സംഭവത്തിൽ ജീവനക്കാർ നൽകിയ വിശദീകരണമെന്നു പ്രസിഡൻ്റ് റൂബി കോശി പറഞ്ഞു. ഈ വിശദീകരണം പഞ്ചായത്ത് കമ്മിറ്റി തള്ളിയതിനെത്തുടർന്നാണ് നടപടി. ശ്മശാനത്തിൽ പുതിയ ജീവനക്കാർക്കായി ഉടൻ പരസ്യം നൽകുമെന്ന് റൂബി കോശി അറിയിച്ചു. ഇതിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് പരിശീലനം നൽകും.അതുവരെ, പിരിച്ചു വിടുന്നവരിൽ ഒരാൾക്കു താൽക്കാലിക ചുമതല നൽകുമെന്നും പ്രസിഡന്റ്റ് അറിയിച്ചു.
Pathanamthitta,Pathanamthitta,Kerala
August 30, 2025 12:59 PM IST