Leading News Portal in Kerala

ആഗോള അയ്യപ്പ സംഗമത്തിൽ ഭക്തർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല|Only devotees will be present at the global Ayyappa Sangamam political parties may not be invited | Kerala


Last Updated:

എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം

News18News18
News18

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉപാധികൾ വെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

ആചാരങ്ങൾക്കും ക്ഷേത്രത്തിൻ്റെ പരിശുദ്ധിക്കും കോട്ടം തട്ടാത്ത വികസനമാണ് ലക്ഷ്യമിടുന്നതെങ്കിൽ നല്ലതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഗമത്തിൻ്റെ നേതൃത്വം രാഷ്ട്രീയ വിമുക്തമായിരിക്കണം എന്ന ഉപാധിയും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. എൻ.എസ്.എസിനുള്ളിലെ എതിർപ്പുകളും ബി.ജെ.പിയുടെ വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

പഴയകാലം ചർച്ച ചെയ്യേണ്ട’ എന്ന് എൻ.എസ്.എസ് നേതൃത്വം പറയുന്നുണ്ടെങ്കിലും, യുവതീപ്രവേശന വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചത് എൻ.എസ്.എസ് അംഗങ്ങൾ മറന്നിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വസിക്കാനാവുമോ എന്ന സംശയം ഉള്ളിൽ ഉയർന്നതുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകാൻ എൻ.എസ്.എസ് നേതൃത്വം ഉപാധിവെച്ചത്.

സമിതി രാഷ്ട്രീയമുക്തമാകണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെടുമ്പോഴും, സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രിയാണ്. മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും സമിതിയിൽ അംഗങ്ങളാണ്. കൂടാതെ, ശബരിമല വിഷയത്തിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരികെ പിടിക്കാനാണ് സംഗമം നടത്തുന്നതെന്ന സംശയത്തിൽ യോഗക്ഷേമ സഭ ഇതിനെ പിന്തുണയ്ക്കുന്നില്ല.