‘ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; സിപിഐ പ്രസിദ്ധീകരണത്തിൽ BJP സംസ്ഥാന അധ്യക്ഷന്റെ ലേഖനം| bjp kerala chief rajeev chandrasekhar article in cpi mouthpiece janayugam | Kerala
Last Updated:
വൈവിധ്യങ്ങൾക്കിടയിലും ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം കുറ്റമറ്റരീതിയിൽ നിലനിൽക്കുന്നു എന്നത് നമ്മുടെ ഭരണഘടനയുടെ കരുത്ത് തെളിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ പറയുന്നു
തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് സിപിഐ പ്രസിദ്ധീകരണമായ ജനയുഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം. ജനയുഗം ഓണപ്പതിപ്പിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറ്റൊരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം നേരിടുന്ന പ്രതിസന്ധികൾ എന്നപേരിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ലേഖനമുള്ളത്. ജനാധിപത്യത്തെക്കുറിച്ച് ഇരുവരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.
വൈവിധ്യങ്ങൾക്കിടയിലും ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം കുറ്റമറ്റരീതിയിൽ നിലനിൽക്കുന്നു എന്നത് നമ്മുടെ ഭരണഘടനയുടെ കരുത്ത് തെളിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ ലേഖനത്തിൽ പറയുന്നു. കുറ്റമറ്റതാണ് എന്ന് പറയുമ്പോഴും പലപ്പോഴും അറിഞ്ഞുകൊണ്ട് പല പിശകുകളും ഈ നടപടിക്രമങ്ങൾക്കിടയിൽ കടന്നുകൂടിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ പ്രശ്നങ്ങളെ എക്കാലത്തും ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രശ്നങ്ങൾ പരിഹരിച്ച് സുതാര്യമായി തിരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി എപ്പോഴും ശ്രദ്ധ നൽകിയിട്ടുള്ളതെന്ന് ലേഖനത്തിൽ പറയുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ പുറത്തിറങ്ങിയ കരട് വോട്ടർ പട്ടികയിലും വാർഡ് വിഭജനത്തിലും ഉണ്ടായ പൊരുത്തക്കേടുകളും പ്രശ്നങ്ങളും ആദ്യം ഉന്നയിച്ചത് ബിജെപിയാണെന്നും പരിഹരിക്കാൻ ഇടപെട്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
അതേസമയം, 190 വർഷങ്ങൾ നീണ്ടുനിന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ സൃഷ്ടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് ബിനോയ് വിശ്വം പറയുന്നു. സ്വതന്ത്ര ഇന്ത്യ സമരഭരിതമായ ഭൂതകാലത്തിൽനിന്ന് പ്രതീക്ഷാനിർഭരമായ ഭാവിയിലേക്ക് സഞ്ചരിക്കുമ്പോൾ നമുക്ക് വഴികാട്ടി ആകേണ്ടത് രാഷ്ട്രത്തിൻ്റെ ഭരണഘടനയാണ്. ആ യാത്രയുടെ ലക്ഷ്യമാണ് ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കപ്പെട്ടത്. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ ഭരണഘടനയുടെ സ്രഷ്ടാക്കളായ ജനങ്ങൾ കാണുന്നത് ആ ലക്ഷ്യങ്ങളെല്ലാം അവഹേളിക്കപ്പെടുന്നതും ഇന്ത്യയുടെ യാത്ര വഞ്ചിക്കപ്പെടുന്നതുമായ കാഴ്ചയാണ്- ബിനോയ് വിശ്വം ലേഖനത്തിൽ പറയുന്നു.
ദേശദ്രോഹപരമായ ആ നീക്കത്തിന് കാർമികത്വം വഹിക്കുന്നവർ ദേശസ്നേഹികൾ എന്ന് സ്വയം പേരിട്ടവർ തന്നെയാണെന്നും ഈ വിചിത്രാനുഭവങ്ങൾ ഒരുക്കിവെക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സംഘർഷങ്ങളിലൂടെയാണ് ഇന്നത്തെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സിപിഐക്ക് പുറത്തുനിന്ന് രാജീവ് ചന്ദ്രശേഖരന്റെ ലേഖനം മാത്രമാണ് ജനയുഗത്തിലുള്ളത്. എഡിറ്റോറിയല്‍ ബോര്‍ഡാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് സിപിഐ നേത്യത്വം വിശദീകരിക്കുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 01, 2025 1:06 PM IST
‘ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; സിപിഐ പ്രസിദ്ധീകരണത്തിൽ BJP സംസ്ഥാന അധ്യക്ഷന്റെ ലേഖനം