കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയെ ജൂനിയർ സൂപ്രണ്ട് കടന്നുപിടിച്ചതായി പരാതി| junior superintendent groped an woman employee during Onam celebrations at the Kozhikode Collectorate | Kerala
Last Updated:
ജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിൽ ജീവനക്കാരി എഡിഎമ്മിന് പരാതി നൽകി
കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റിൽ ജീവനക്കാരിയോട് ജൂനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഓഗസ്റ്റ് 28 വ്യാഴാഴ്ച ജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. സംഭവത്തിൽ ജീവനക്കാരി എഡിഎമ്മിന് പരാതി നൽകി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എഡിഎം ഉത്തരവിട്ടു.
കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയിൽവെച്ച് കയറിപ്പിടിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ഉടൻ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി. സംഭവം പോലീസിൽ അറിയിക്കരുതെന്നും ഓഫീസിൽവെച്ചുതന്നെ ഒത്തുതീർപ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കൾ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലാണ് എഡിഎം. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിർദേശിച്ചു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് നൽകുമെന്നാണ് അറിയുന്നത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
Kozhikode [Calicut],Kozhikode,Kerala
September 01, 2025 8:29 AM IST
