നോ കോംപ്രമൈസ്! ദേഹത്ത് കൈവെച്ചതിന് കരയും, തിരിച്ചടിക്കാൻ മടിയില്ലെന്ന് കെ സുധാകരൻ| K Sudhakaran criticize police for beating up Youth Congress leader in thrissur | Kerala
Last Updated:
‘ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട’
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്‌റ്റേഷനില്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈവെച്ച് പെന്‍ഷന്‍പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് മടിയൊന്നുമില്ല. ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ല. സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷമോര്‍ത്ത് ഈ കാപാലികര്‍ ജീവിതകാലം മുഴുവന്‍ കരയുമെന്നും സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചു.
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടു.
ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അർഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സിനും മടിയൊന്നുമില്ല.
സിപിഎമ്മിന്റെ തണലിൽ കോൺഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.
കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ദൈവത്തിൻറെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങൾ നടന്ന അനീതികൾക്ക് കോടതിയിൽ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയൻ കാണിക്കണം. സാധ്യമായ മുഴുവൻ നിയമനടപടികൾക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവർത്തകരും കൂടെയുണ്ടാകും.
സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. ആളെ കൊല്ലാൻ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാൻ മൂളി പോലീസുകാരോടും ‘നോ കോംപ്രമൈസ് ‘ എന്നത് തന്നെയാണ് പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാട്.
Thrissur,Thrissur,Kerala
September 04, 2025 8:22 AM IST
