കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ | Four police officers suspended in Kunnamkulam custodial torture case | Kerala
Last Updated:
നാല് പൊലീസുകാർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്
തൃശൂർ : കുന്നംകുളം കസ്റ്റഡി മർദനക്കേസുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നുഹ്മാൻ, സിവിൽ പോലീസ് ഓഫീസർമാരായ ശശിധരൻ, കെ.ജെ. സജീവൻ, എസ്. സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായ പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എല്ലാ രേഖകളും ഹാജരാക്കാൻ ഐജി രാജ്പാൽ മീണ നിർദേശം നൽകി.
രണ്ട് വർഷം മുൻപ് 2023 ഏപ്രിൽ 5-നാണ് സംഭവം നടന്നത്. പോലീസിൻ്റെ ഭീഷണിയെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരമാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. സുജിത്തിന് നേരെയുണ്ടായ മർദനം പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സസ്പെൻഷനല്ല, പോലീസുകാരെ പിരിച്ചുവിടണമെന്നാണ് സുജിത്തിൻ്റെ ആവശ്യം.
Thrissur,Kerala
September 06, 2025 9:11 PM IST
