അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു | One more died of Amoebic meningoencephalitis at Calicut Medical College | Kerala
Last Updated:
നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എം ശോഭന (56) ആണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് ശോഭന. ഇതോടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലാണ് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 11 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വയനാട് സ്വദേശിയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ശോഭന. ഇതേ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചു.
Kozhikode,Kerala
September 08, 2025 12:21 PM IST
