Leading News Portal in Kerala

പുഴയ്ക്കു മുകളിൽ ട്രെയിൻ നിന്നു; അപകടം ഒഴിവാക്കിയ ടിക്കറ്റ് പരിശോധകന് സ്വീകരണം | Train stopped over Valapattanam river after passenger pulled safety chain | Kerala


Last Updated:

അപായച്ചങ്ങല വലിച്ച യാത്രക്കാരനെതിരെ നടപടിയെടുക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്

News18News18
News18

പാലക്കാട്: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്നുപോയ ട്രെയിനിലെ യാത്രക്കാർക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകൻ. പാലക്കാട് സ്വദേശിയായ എം.പി. രമേശ് (39) ആണ് സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ 3:45-നാണ് സംഭവം. തിരുവനന്തപുരം നോർത്ത് – മംഗളൂരു ഓണം സ്പെഷ്യൽ (06042) ട്രെയിനിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. എസ്-വൺ കോച്ചിൽ ഉണ്ടായിരുന്ന ഇയാൾക്ക് കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്നു. കണ്ണൂർ സ്റ്റേഷൻ കഴിഞ്ഞെന്ന് മനസ്സിലായതോടെയാണ് ഇയാൾ ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം പാലത്തിലെത്തിയിരുന്നു.

പാലത്തിനു മുകളിൽ വെച്ച് ട്രെയിൻ നിന്നതിനാൽ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ട്രെയിൻ വീണ്ടും ഓടിക്കാൻ സാധിക്കില്ലായിരുന്നു. ഗാർഡിനും ലോക്കോ പൈലറ്റിനും പെട്ടെന്ന് സ്ഥലത്തെത്താൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് രമേഷ് കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി താഴെയിറങ്ങി. ഇരുട്ടത്ത് മൊബൈൽ ഫോണിൻ്റെ വെളിച്ചം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ലോക്കോ പൈലറ്റും ഗാർഡും ടോർച്ചുമായി എത്തി വേണ്ട നിർദേശങ്ങൾ നൽകി. രമേഷ് പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കി. 8 മിനിറ്റുകൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു. പാലത്തിനു മുകളിൽ കൂടുതൽ നേരം ട്രെയിൻ നിർത്തിയിടുന്നത് അപകടത്തിന് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കിയ രമേഷിനെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ അഭിനന്ദിച്ചു.

അപായച്ചങ്ങല വലിച്ച യാത്രക്കാരനെതിരെ നടപടിയെടുക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു സ്ലീപ്പർ ഡിപ്പോയിലെ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറാണ് എം.പി. രമേശ്.