രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ| Opposition leader vd satheesan faces cyber attacks from Congress handles for his stand on Rahul mamkootathil | Kerala
Last Updated:
പ്രതിപക്ഷ നേതാവിനെതിരായ കടന്നാക്രമണം പരിധിവിട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിൽ അധികമാരും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ല. നേതാക്കൾക്കിടയിൽ നിന്ന് പ്രതികരണങ്ങളുണ്ടാകാത്തതിൽ വി ഡി സതീശന് ഒപ്പമുള്ളവർക്കും അസംതൃപ്തിയുണ്ട്
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ സൈബർ ആക്രമണം. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങളും പരിഹാസങ്ങളും അസഭ്യവർഷങ്ങളും നിറയുന്നത്. ഇതില് പലതും കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണെന്നതാണ് ശ്രദ്ധേയം. രാഹുലിന് സോഷ്യൽ മീഡിയയിൽ പ്രതിരോധം തീർക്കുന്ന ഹാൻഡിലുകൾ തന്നെയാണ് സതീശനെതിരായ സൈബർ ആക്രമണത്തിന് പിന്നിലും. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കി സതീശന്റെ സമൂഹമാധ്യമ പോസ്റ്റുകളിലാകെ അസഭ്യവർഷമാണ്.
റീൽസിലും സമൂഹമാധ്യമങ്ങളിലുമല്ല ജനങ്ങളുടെ ഹൃദയങ്ങളിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ തുറന്നടിച്ചിരുന്നു. ഇതോടെയാണ് ആക്രമണങ്ങളുടെ മൂർച്ച കൂടിയത്. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെതിരായ പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ ഓണവിരുന്നിൽ വി ഡി സതീശൻ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപങ്ങൾ അധികവും.
വാർത്താസമ്മേളനങ്ങളിൽ സംസാരിച്ചാൽ പോര, രാഹുലിനെ പോലെ മുന്നിൽ നിന്ന് പോരാടണമെന്നാണ് സൈബർ പോരാളികളുടെ ഉപദേശം. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കാരണക്കാരൻ സതീശനാണെന്നാണ് മറ്റൊരു വിമർശനം. കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ആരോപിച്ചുള്ള സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള ഭൂരിഭാഗം കമന്റുകളും ആക്ഷേപങ്ങളാണ്.
പ്രതിപക്ഷ നേതാവിനെതിരായ കടന്നാക്രമണം പരിധിവിട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിൽ അധികമാരും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ല. നേതാക്കൾക്കിടയിൽ നിന്ന് പ്രതികരണങ്ങളുണ്ടാകാത്തതിൽ വി ഡി സതീശന് ഒപ്പമുള്ളവർക്കും അസംതൃപ്തിയുണ്ട്. ഇതിനിടെ നേതാക്കളുടെ മൗനത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ചിലർ രംഗത്തെത്തി.
‘നേതാക്കളുടെ മൗനം കുലം മുടിക്കാനുള്ള പ്രോത്സാഹനം’ എന്നാണ് ഒരു നേതാവിന്റെ പ്രതികരണം. ‘ഇത്രയും വലിയ സൈബർ ആക്രമണം ഉണ്ടായിട്ട് എന്തുകൊണ്ട് നേതാക്കൾ മിണ്ടുന്നില്ല’ എന്ന ചോദ്യമാണ് മറ്റൊരു ഭാരവാഹിയിൽനിന്നുണ്ടായത്. ഇതിനിടെ റോജി എം ജോൺ എംഎൽഎ സതീശന് പിന്തുണയുമായെത്തി.
സൈബർ ആക്രമണം സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച റോജി, പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനിടെ, സൈബർ ആക്രമണങ്ങൾക്കിടെയും നിലപാടിൽ ഉറച്ചുനിൽക്കാനാണ് വി ഡി സതീശന്റെ തീരുമാനം.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 10, 2025 12:03 PM IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടിൽ വി ഡി സതീശനെതിരെ കടുത്ത സൈബർ ആക്രമണം; ഒഴിഞ്ഞു നിന്ന് മറ്റു നേതാക്കൾ
