Leading News Portal in Kerala

അയ്യപ്പസംഗമത്തിന് ലഭിക്കുന്ന പണം എങ്ങനെ ചെലവാക്കും? ചോദ്യങ്ങളുമായി ഹൈക്കോടതി | Kerala


Last Updated:

തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു

News18News18
News18

ശബരിമലയിൽ സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിക്ക് ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നും കോർപ്പറേറ്റ് സംഭാവനകൾ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പരിപാടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ചോദ്യങ്ങൾ.

കുംഭമേളയുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തുന്നത്. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തെലങ്കാന, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്നതിനെക്കുറിച്ച് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റർ പ്ലാനിനും ശബരി റെയിലിനും ഈ പണം ഉപയോഗിക്കുമോ എന്നും കോടതി ആരാഞ്ഞു.

അയ്യപ്പ സംഗമം ആത്മീയ ആചാര്യന്മാരില്ലാതെയാണ് നടത്തുന്നതെന്നും അയ്യപ്പനിൽ വിശ്വാസമില്ലാത്തവരാണ് സംഘാടകരെന്ന് ഹർജിക്കാർ ആരോപിച്ചു. സനാതന ധർമ്മത്തെ എതിർക്കുന്നവരാണ് സംഘാടകരെ എന്നും അതിനാൽ ധർമ്മം തകർക്കാനുള്ള നീക്കമാണിതെന്നും ഹർജിയിൽ പറയുന്നു. മതേതര ചടങ്ങ് നടത്താൻ ദേവസ്വം ബോർഡിന്റെ പണം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.