Leading News Portal in Kerala

അടിച്ച് പൂസായി സ്വന്തം കാറിൽ ചെക്കിങ്ങിനിറങ്ങി പിഴയിട്ട MVD ഉദ്യോഗസ്ഥന് സസ്‌പെൻഷൻ| Intoxicated MVD Inspector Suspended for Illegally Fining Auto Driver in kochi | Kerala


Last Updated:

എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനുവിനെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മദ്യലഹരിയില്‍ സ്വന്തം കാറിലെത്തി ഓട്ടോറിക്ഷയ്ക്ക് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർക്ക് സസ്പെൻഷൻ. നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ. എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനുവിനെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ബിനുവിനെതിരേ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ഓടിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി തൃക്കാക്കര തോപ്പില്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഇവിടെ റോഡരികില്‍ മീന്‍കച്ചവടം ചെയ്യുന്ന ദമ്പതിമാരുടെ ഓട്ടോറിക്ഷ കണ്ടാണ് പിഴ ചുമത്താൻ ഇറങ്ങിയത്. അതുവഴി സ്വന്തം വാഹനത്തില്‍ സിവില്‍ ഡ്രസിലാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തിയത്. താന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തിയ ബിനു അനധികൃതമായി ഓട്ടോറിക്ഷയില്‍ കച്ചവടം നടത്തിയതിന് പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവിനോടും വ്യാഴാഴ്ച ഓഫീസിലെത്തി പിഴയൊടുക്കണമെന്ന് ഭീഷണി മുഴക്കി.

ഇതിനിടെ നാട്ടുകാർ തടിച്ചുകൂടി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംസാരത്തിലും ഭാവത്തിലും പന്തികേടും മദ്യത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥനോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥനും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. പൊലീസെത്തിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് നാട്ടുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ തടഞ്ഞുവെച്ചു. ഒടുവില്‍ തൃക്കാക്കര പൊലീസ് എത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ കേസെടുത്തു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപമര്യാദയായി സംസാരിച്ചതിനും നാട്ടുകാര്‍ തടഞ്ഞുവെച്ചുവെന്ന എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ടിനെയും തുടര്‍ന്നാണ് ബിനുവിനെ അന്വേഷണ വിധേയമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ ആര്‍ടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.