മലപ്പുറത്ത് വീട്ടുമുറ്റത്ത് കാര് കഴുകുന്നതിനിടെ ഷോക്കേറ്റ് 36-കാരൻ മരിച്ചു|36-year-old man died after being electrocuted while washing his car in Malappuram | Kerala
Last Updated:
കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേൽക്കുകയായിരിന്നു
മലപ്പുറം: കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ മനയിൽ മുകുന്ദന്റെയും ഷീലയുടെയും മകനായ യു.സി. മുരളീകൃഷ്ണൻ (36) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30-ഓടെ വീട്ടുമുറ്റത്ത് കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽ നിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചത്. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കാറിനടുത്ത് യുവാവ് വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാണിയമ്പലം യു.സി. പെട്രോൾ പമ്പിന്റെ ഉടമകൂടിയാണ് മുരളീകൃഷ്ണൻ. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്ച വൈകീട്ട് യു.സി. മനയിൽ സംസ്കരിച്ചു.
അതേസമയം, കേരളത്തിൽ ഷോക്കേറ്റ് മരണമടയുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ അപകടങ്ങൾ തടയുന്നതിനായി ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകൾ നോക്കാം.
സുരക്ഷാ മുൻകരുതലുകൾ:
- വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നനഞ്ഞ കൈകളോ നനഞ്ഞ ശരീരമോ ഉപയോഗിക്കരുത്.
- ഉപകരണങ്ങൾ ഉപയോഗിക്കാത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് ഊരി വയ്ക്കുക.
- വയറുകളും പ്ലഗ്ഗുകളും കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
- ചെറിയ കുട്ടികൾക്ക് എത്താൻ സാധ്യതയില്ലാത്ത ഉയരത്തിൽ സ്വിച്ചുകളും സോക്കറ്റുകളും സ്ഥാപിക്കുക.
- വളർത്തുമൃഗങ്ങൾ വയറുകൾ കടിച്ചു നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ, അവ എത്തിച്ചേരാത്ത രീതിയിൽ വയറുകൾ സ്ഥാപിക്കുക.
വീട്ടിലെ വയറിംഗിന്റെ സുരക്ഷ:
- വീടിന്റെ ഇലക്ട്രിക് വയറിംഗ് കൃത്യമായ ഇടവേളകളിൽ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കുക.
- അറ്റകുറ്റപ്പണികൾക്കായി എപ്പോഴും അംഗീകൃത ഇലക്ട്രീഷ്യൻമാരെ മാത്രം ആശ്രയിക്കുക.
- നിലവാരമില്ലാത്ത വയറുകളും സ്വിച്ചുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- എല്ലാ വൈദ്യുത ഔട്ട്ലെറ്റുകളിലും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ELCB) അല്ലെങ്കിൽ റെസിഡ്യൂവൽ കറന്റ് ഡിവൈസ് (RCD) സ്ഥാപിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
ജാഗ്രത പാലിക്കേണ്ട സാഹചര്യങ്ങൾ:
- അടുക്കളയിലും ബാത്ത്റൂമിലുമുള്ള വൈദ്യുത ഉപകരണങ്ങൾ വെള്ളത്തിൽനിന്ന് അകറ്റി വെക്കുക.
- വൈദ്യുത പോസ്റ്റുകളിലോ, ട്രാൻസ്ഫോർമറുകളിലോ, തുറന്നുകിടക്കുന്ന വയറുകളിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാതെയിരിക്കുക.
- വീട്ടിലെ വൈദ്യുത ലൈനുകൾക്ക് സമീപം മരങ്ങൾ വെട്ടുകയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക.
ഷോക്കേറ്റ ഒരാളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ, ആദ്യം മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. അതിന് സാധിക്കാതെ വന്നാൽ ഉണങ്ങിയ മരക്കഷ്ണം പോലെയുള്ള ചാലകമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് ഷോക്കേറ്റ ആളെ വൈദ്യുത സ്രോതസ്സിൽ നിന്ന് അകറ്റുക. ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കുക.
Malappuram,Malappuram,Kerala
September 15, 2025 8:03 AM IST
