തെറ്റുപറ്റി; നാറ്റിക്കരുത്; സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത് | Wayanad forest officer harassment case unveils audio evidence against Ratheesh Kumar | Kerala
Last Updated:
കേസിന് പോകാതിരുന്നാൽ എന്തു ചെയ്യാനും തയ്യാറാണെന്ന് സെക്ഷൻ ഓഫീസർ പറയുന്നത് ശബ്ദരേഖയിലുണ്ട്
വയനാട്: സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽവെച്ച് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നത്. തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
തനിക്ക് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് രതീഷ് കുമാർ ശബ്ദരേഖയിൽ പറയുന്നത്. താൻ കാലുപിടിക്കാമെന്നും കേസിന് പോകാതിരുന്നാൽ എന്തു ചെയ്യാനും തയ്യാറാണെന്നും പറയുന്നുണ്ട്. എന്നാൽ, തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തിനും മാനസിക ബുദ്ധിമുട്ടിനും ആരു മറുപടി പറയുമെന്നാണ് പരാതി നൽകിയ വനിതാ ഓഫിസര്‍ തിരിച്ചു ചോദിക്കുന്നത്. വനം വകുപ്പിലെ തന്നെ രണ്ട് ലൈംഗികാതിക്രമ പരാതികളില്‍ ആരോപണ വിധേയനാണ് ഈ രതീഷ് കുമാര്‍.
സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പീഡന ശ്രമം ചെറുക്കാന്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പടിഞ്ഞാറത്തറ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
September 16, 2025 4:37 PM IST
