Leading News Portal in Kerala

‘പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി| cpm leader KV Abdul Khader criticizes media focus on a Youth Congress leaders wedding | Kerala


Last Updated:

‘പൊലീസിനുനേരെ കയ്യേറ്റം നടത്തിയ ആളെ അധികസേനയെ വിളിച്ചുവരുത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെയൊരാളെ തടവി അയാൾക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’

കെ വി അബ്ദുൽ ഖാദർകെ വി അബ്ദുൽ ഖാദർ
കെ വി അബ്ദുൽ ഖാദർ

തൃശൂർ: സ്വാതന്ത്ര്യസമര സേനാനിയുടേതെന്ന പോലെയാണ് കുന്നംകുളത്തെ ഒരു വിവാഹം മാധ്യമങ്ങൾ കാണിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ‌ഖാദർ. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യവേയാണ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്റെ വിവാഹച്ചടങ്ങിനെ അബ്ദുൽ ഖാദർ വിമർശിച്ചത്.

പൊലീസിനുനേരെ കയ്യേറ്റം നടത്തിയ ആളെ അധികസേനയെ വിളിച്ചുവരുത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെയൊരാളെ തടവി അയാൾക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ എന്നു ചോദിച്ച അബ്ദുൽഖാദർ പൊലീസുകാർ ആരെയും തല്ലാൻ പാടില്ല എന്നാണ് പാർട്ടി നിലപാട് എന്നും പറഞ്ഞു.

ഇതും വായിക്കുക: ഗുരുവായൂരമ്പല നടയിൽ പ്രണയ സാഫല്യം; പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് തൃഷ്ണയെ താലി ചാര്‍ത്തി

മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജീപ്പില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി. എസ്‌ഐ സ്വാഭാവികമായും ചെറുത്തു. എസ്‌ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പൊലീസിനെ അടിച്ചു. അപ്പോള്‍ പൊലീസ് കൂടുതല്‍ സ്‌ട്രെങ്ത്ത് ആവശ്യപ്പെട്ടു. കൂടുതല്‍ പൊലീസുകാര്‍ വന്നിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. അവര്‍ കൊണ്ടുപോയിട്ട് തടവി ബിരിയാണി വാങ്ങിച്ചുകൊടുക്കും എന്ന് വിചാരിക്കുന്നത് ശരിയാണോ. അതുമാത്രമല്ല, 11 കേസിലെ പ്രതിയാണിയാള്‍. പൊലീസിനെ തല്ലിയതുള്‍പ്പടെ കേസുകളിലെ പ്രതിയാണ് – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.