‘കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് വിചാരിക്കേണ്ട’: കേന്ദ്രമന്ത്രി സുരേഷ് ഗോപി| Union Minister Suresh Gopi says Dont think this fireball can be extinguished by pointing out small mistakes | Kerala
Last Updated:
ഭരത്ചന്ദ്രന് തന്റേടം ഉണ്ടെങ്കിൽ എനിക്കും തന്റേടവും ചങ്കൂറ്റവും ഉണ്ടാകും. സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിനിമയിൽ നിന്നിറങ്ങാൻ പോകുന്നില്ല- സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂർ: അവിടെയും ഇവിടെയും നടക്കുന്ന കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ എൽത്തുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ നടത്തിയ കലുങ്ക് സൗഹൃദ സഭയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പുള്ളിൽ നടത്തിയ സഭയിൽ കൊച്ചുവേലായുധന്റെ പരാതി സ്വീകരിക്കാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്.
കൊച്ചുവേലായുധന് വീട് കിട്ടിയതിൽ സന്തോഷം. ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്തോളൂ. ഈ സംഗമം അസുഖമുണ്ടാക്കിയിട്ടുണ്ട്. പറ്റാത്തത് പറ്റില്ലെന്നും പറ്റാവുന്നത് പറ്റുമെന്നും പറയും. ഭരത്ചന്ദ്രന് തന്റേടം ഉണ്ടെങ്കിൽ എനിക്കും തന്റേടവും ചങ്കൂറ്റവും ഉണ്ടാകും. സിനിമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിനിമയിൽ നിന്നിറങ്ങാൻ പോകുന്നില്ല- സുരേഷ് ഗോപി വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം ഇ ഡി പിടിച്ചെടുത്ത് ബാങ്കിലിട്ട് തന്നാൽ അത് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ ബാങ്കിന്റെ പ്രവർത്തന പരിധിയിലുൾപ്പെട്ട പൊറത്തിശേരി കണ്ടാരംതറയിൽ നടത്തിയ കലുങ്ക് സൗഹൃദ സഭയിൽ കരുവന്നൂരിലെ നിക്ഷേപത്തുക എന്നു ലഭിക്കുമെന്ന ചോദ്യം ഉന്നയിച്ച നിക്ഷേപകയോടാണ് പ്രതികരണം.
ഇ ഡി പണം നൽകാമെന്ന് പറഞ്ഞിട്ടും അതു സ്വീകരിക്കേണ്ട എന്ന നിലപാടാണ് സഹകരണവകുപ്പെടുത്തതെന്ന് 6 മാസം മുൻപ് അറിയാൻ കഴിഞ്ഞു. കരുവന്നൂർ തട്ടിപ്പിലെ പണം എവിടെപ്പോയെന്ന് ഇ ഡിയെ കൊണ്ട് പറയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Thrissur,Thrissur,Kerala
September 18, 2025 10:55 AM IST
