ഉയർന്ന നാണ്യപ്പെരുപ്പം എന്നാൽ വിലക്കയറ്റം എന്നല്ല അർഥം; മന്ത്രി ജി. ആർ അനിൽ|High inflation does not mean price hike says Minister G R Anil | Kerala
Last Updated:
2020 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നാണ്യപ്പെരുപ്പത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിന്റെ റാങ്ക് യഥാക്രമം 14, 15, 17 എന്നിങ്ങനെയായിരുന്നു
തിരുവനന്തപുരം: ഏറ്റവും ഉയർന്ന നാണ്യപ്പെരുപ്പം കേരളത്തിലാണെന്നു പറഞ്ഞാൽ ഏറ്റവും ഉയർന്ന വില കേരളത്തിലാണെന്ന് അർഥമില്ലെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേവലവിലകൾ താഴ്ന്നുനിന്നാലും നാണ്യപ്പെരുപ്പം കൂടാം. മറിച്ചും സംഭവിക്കാം. രണ്ടു വർഷം മുൻപ് ഉപഭോക്തൃവില സൂചിക പ്രകാരം ദേശീയതലത്തിൽ ഏറ്റവും താഴ്ന്ന വില കേരളത്തിലായിരുന്നു. 2020 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നാണ്യപ്പെരുപ്പത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിന്റെ റാങ്ക് യഥാക്രമം 14, 15, 17 എന്നിങ്ങനെയായിരുന്നു. നാണ്യപ്പെരുപ്പത്തിലെ ഹ്രസ്വകാല വർധന താത്കാലിക പ്രതിഭാസമാണ്.
2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ ദേശീയ ശരാശരിയെക്കാൾ താഴുകയും പിന്നീട് 2025 മേയ് വരെ വലിയ വർധന ഇല്ലാതിരിക്കുകയും ചെയ്ത കേരളത്തിലെ നാണ്യപ്പെരുപ്പ നിരക്കിൽ പിന്നീട് വലിയ മാറ്റമുണ്ടാകാൻ എന്താണ് കാരണമെന്ന് പരിശോധിക്കണം. ഭക്ഷണപാനീയങ്ങളുടെയും പലവകയുടെയും കാര്യത്തിലുണ്ടായ നിരക്ക് വർധനയാണ് ഹ്രസ്വകാല നിരക്ക് കൂടാൻ കാരണമെന്നാണ് മനസ്സിലാക്കുന്നത്. മറ്റിനങ്ങളിലൊന്നും കാര്യമായ വ്യത്യാസമില്ല.
ഭക്ഷണപാനീയ വിഭാഗത്തിൽ ഉൾപ്പെടുന്ന വെളിച്ചെണ്ണ കേരളത്തിൽ ഏറ്റവുമധികം ഉപഭോഗം ചെയ്യപ്പെടുകയും ലഭ്യതക്കുറവ് വിലക്കയറ്റത്തിനിടയാക്കുകയും ചെയ്യുന്ന ഇനമാണ്. സമീപകാലത്ത് വെളിച്ചെണ്ണയുടെ വില അസാധാരണമായി വർധിച്ചപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. കോർപ്പറേറ്റ് സൂപ്പർമാർക്കറ്റുകൾ പോലും സപ്ലൈകോയുടെ വിലയെ അടിസ്ഥാനപ്പെടുത്തി വില പരിഷ്കരിച്ചെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
Thiruvananthapuram,Kerala
September 20, 2025 11:15 AM IST
