റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു|Ezhimala Bridge creates railway history 2 km of track constructed in 6.5 hours and opened for train traffic | Kerala
Last Updated:
ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്
പയ്യന്നൂർ: ആറര മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല റെയിൽ പാലം ട്രെയിൻ സർവീസിനായി തുറന്നു കൊടുത്ത് റെയിൽവേ. പാളം ഇട്ട് ഉറപ്പിച്ചുള്ള ജോലികളാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളും ചേർന്നാണ് അവിശ്വസനീയ വേഗത്തിൽ പാത പൂർത്തിയാക്കിയത്. രാത്രി 9 മണിക്ക് ജോലി ആരംഭിച്ച സംഘം പുലർച്ചെ 4.30-ഓടെ ഇരുഭാഗത്തുമായി 2 കിലോമീറ്റർ റെയിൽപാത നിർമിച്ച് പുതിയ പാലവുമായി ബന്ധിപ്പിച്ചു.
പുലർച്ചെ 4.56-ന് പാലത്തിലൂടെ ആദ്യത്തെ ഗുഡ്സ് ട്രെയിൻ കടത്തിവിട്ടു. തുടർന്ന് 5.35-ന് യാത്രക്കാരുമായുള്ള പോർബന്തർ എക്സ്പ്രസും കടന്നുപോയതോടെ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗം കുറച്ച് പുതിയ പാലത്തിലൂടെ സർവീസ് ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകൾ പഴയ പാതയിലൂടെ (ഒന്നാം ട്രാക്ക്) കടത്തിവിട്ടാണ് ഗതാഗതം ക്രമീകരിച്ചിരുന്നത്.
1906-ൽ നിർമിച്ച ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. രണ്ട് വർഷം മുൻപ് പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയിരുന്നെങ്കിലും, സമീപന റെയിൽപാത നിർമിക്കാൻ സ്ഥലം ലഭിക്കാത്തതിനാൽ പാലം തുറക്കുന്നത് വൈകുകയായിരുന്നു. നിലവിൽ, കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽപാതയിൽ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി, അനുവദിച്ച 7 മണിക്കൂറിനുള്ളിൽ നിർമിച്ചത്.
ഇപ്പോൾ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടമായി, സെപ്റ്റംബർ 24-ന് രാത്രിയിൽ പഴയ പാലത്തിലേക്കുള്ള ഒന്നാം ട്രാക്ക്, പുതിയ പാലവുമായി ബന്ധിപ്പിക്കും. അതോടെ 1906-ൽ പണിത പഴയ ചങ്കുരിച്ചാൽ പാലം പൂർണമായും ഒഴിവാക്കുമെന്നും ആവശ്യമെങ്കിൽ അവ പൊളിച്ചു നീക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Kannur,Kannur,Kerala
September 21, 2025 11:11 AM IST
റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം; 6.5 മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ട്രെയിൻ ഗതാഗതത്തിന് തുറന്നു
