‘അയ്യപ്പസംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തു; പ്രചരിക്കുന്ന ചിത്രങ്ങൾ നേരത്തെ ഷൂട്ട് ചെയ്തത്’; മന്ത്രി വി.എന്‍.വാസവന്‍|Minister Vasavan reaction on Global Ayyappa samgamam | Kerala
Last Updated:
ഹൈക്കോടതി നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് സംഗമം നടത്തിയതെന്നും എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയമായിരുന്നുവെന്നും 4126 പേർ പരിപാടിയിൽ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംഗമത്തിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്നതായുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത് തെറ്റായ രീതിയിലാണെന്നും, പരിപാടിക്ക് വളരെ മുൻപ് എടുത്ത ചിത്രങ്ങളാണിതെന്നും മന്ത്രി വിശദീകരിച്ചു.
ഹൈക്കോടതി നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല. കർണാടക പി.സി.സി. ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റുപോയി എന്നുള്ള പ്രചാരണം ശരിയല്ല. അവർ പോയത് മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ പങ്കെടുക്കാനായിരുന്നു. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണെന്നും, ഉദ്ഘാടന സമയത്ത് പന്തൽ നിറഞ്ഞിരുന്നുവെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ നിർമിത ബുദ്ധി ആവാനുള്ള സാധ്യതയെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. പാർട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടുവെന്നും അതാണ് അദ്ദേഹം പ്രതികരിച്ചതെന്നും വാസവൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരുമിച്ചു വന്നതിൽ വിവാദത്തിന്റെ ആവശ്യമില്ല. അവർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നവരാണെന്നും മന്ത്രി പറഞ്ഞു. സംഗമം സംബന്ധിച്ച 18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അത് പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
Pathanamthitta,Pathanamthitta,Kerala
September 21, 2025 1:56 PM IST
‘അയ്യപ്പസംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തു; പ്രചരിക്കുന്ന ചിത്രങ്ങൾ നേരത്തെ ഷൂട്ട് ചെയ്തത്’; മന്ത്രി വി.എന്‍.വാസവന്‍
