കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പൊലീസ് പരിശോധന, ഫോൺ പിടിച്ചെടുത്തു| Police Search Congress Leaders House Seize Phone Over Cyberbullying against KJ Shine | Kerala
Last Updated:
പരിശോധനാസമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
കൊച്ചി: സിപിഎം വനിതാ നേതാവായ കെ ജെ ഷൈനിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ, കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പരിശോധനാസമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് ഉടൻ നോട്ടീസ് നൽകുമെന്നും പൊലീസ് വ്യക്തമാക്കി. ഷൈനിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ. സിപിഎം നേതാവ് കെ ജെ ഷൈനിനും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണസംഘത്തിന് മുന്നോട്ടുപോകണമെങ്കിൽ സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടത്തെക്കുറിച്ച് മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ ഇവർ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഷൈനിന് പുറമെ സിപിഎം എംഎൽഎമാരും പരാതി നൽകിയതോടെയാണ് കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് റിപ്പോർട്ട് പെട്ടന്ന് വേണമെന്ന് കത്ത് നൽകിയത്. 100ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്.
Kochi [Cochin],Ernakulam,Kerala
September 22, 2025 4:12 PM IST
