Leading News Portal in Kerala

ഗുരുതരാവസ്ഥയിലായ അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റി| Anchor Rajesh Keshav Shifted to Vellore Hospital for Treatment After Heart Attack | Kerala


സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ലേക്‌ഷോറിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റിയത്.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ്

‘‘നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളിൽ, ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ആത്മാർത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂർ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.

രാജേഷിന് എത്രയും പെട്ടെന്ന് വെല്ലൂരിൽ എത്തിക്കാൻ എയർ ആംബുലൻസ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതി കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടും, എസ്കെഎന്നിനോടും, യൂസഫലി സാറിനോടും, വേഫറർ ഫിലിംസ് ടീമിനോടും, തോളോട് ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ്‌ വാര്യരെയും, പ്രേമിനെയും, ഷെമീമിനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകൾ ഇനിയും ഒരുപാടുണ്ട് പറയാൻ..

വെന്റിലേറ്റർ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലൻസ് ലേക്‌ഷോറിൽ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുൻപ് പരിപാടി അവതരിപ്പിച്ച ക്രൗൺ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തിൽ ഇടപ്പള്ളി എത്തുമ്പോൾ ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവൻ കൊച്ചിയിൽ ഏറ്റവുമധികം ആർപ്പ് വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും … പിന്നിടുന്ന വഴികൾ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?

ആംബുലലൻസിന്റ സൈറൺ വിളിയിൽ അവന്റെ ശബ്ദം കുറഞ്ഞു പോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, മരുന്നുകൾ അടക്കമുള്ള ബാഗുകൾ ക്ലിയർ ചെയ്തു എയർ ആംബുലൻലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയാറായി നിൽക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയിൽ യാത്ര തുടരുകയാണ്.

വെല്ലൂരിലും കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കുറച്ചു വലിയ മനുഷ്യരുണ്ട്. അത് പിന്നെയെഴുതാം. രാജേഷിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി വിളിക്കുന്ന, മെസ്സേജ് അയയ്ക്കുന്നവരോടൊക്കെ സ്‌നേഹം..നന്ദി.. നിങ്ങളുടെ പ്രാർഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും..പ്രാർഥിക്കുക…

കാത്തിരിക്കുക..’’