കേരളത്തിലെ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ| Chief Electoral Officer Recommends Postponing sir process in Kerala Voter List | Kerala
Last Updated:
സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. സർവകക്ഷി യോഗത്തിൽ ഈ ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ എസ് ഐ ആർ നടപ്പാക്കുന്നതിനെ എതിർത്തിരുന്നു
കേരളത്തിൽ അടുത്ത മൂന്ന് മാസങ്ങൾക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സാവകാശം തേടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർപട്ടിക പരിഷ്കരണം നിലവിൽ പ്രായോഗികമല്ലെന്ന് നിർദേശങ്ങൾ വന്നിരുന്നു.
ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്കരണം നടപ്പിലാക്കണമെന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരുന്നു. 2002ലെ പട്ടിക അടിസ്ഥാനമാക്കുമ്പോഴും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും വോട്ടവകാശം വേണമെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ബിജെപിക്ക് പൂർണപിന്തുണയുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 22, 2025 9:09 PM IST
