Leading News Portal in Kerala

ഇന്ത്യ എന്നും പലസ്തീനൊപ്പം നിലനിന്ന രാജ്യം; നിലവിലെ സർക്കാർ പലസ്തീന് ഒപ്പമാണെന്നും പലസ്തീൻ അംബാസിഡർ | Palestinian Ambassador Praises India’s Support at Muslim League’s Solidarity Event | Kerala


Last Updated:

അറബ്, മുസ്ലീം രാജ്യങ്ങൾക്കു പുറത്ത് പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണെന്നും പലസ്തീൻ അംബാസിഡർ പറഞ്ഞു

News18News18
News18

കൊച്ചി: ഇന്ത്യ എക്കാലത്തും പലസ്തീനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും, നിലവിൽ രാജ്യം ഭരിക്കുന്ന സർക്കാരും പലസ്തീന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുളള മുഹമ്മദ് അബു ഷവേഷ് പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഏതാനും ദിവസങ്ങൾക്ക് മുൻപ് ഐക്യരാഷ്ട്ര സംഘടനയിൽ നരേന്ദ്ര മോദി സർക്കാർ പലസ്തീന് അനുകൂലമായി വോട്ട് ചെയ്തു. അതുമാത്രമല്ല, ആശുപത്രികൾ ഉൾപ്പെടെ നിരവധി പദ്ധതികളിൽ ഇന്ത്യ പലസ്തീനെ സഹായിക്കുന്നുണ്ട്. ഞങ്ങൾ അതിൽ സംതൃപ്തരാണ്. ഇന്ത്യ എപ്പോഴും പലസ്തീനെ കേൾക്കാൻ തയ്യാറാണ്,” സമ്മേളനത്തിന് ശേഷം അംബാസഡർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ഇടപാടുകളിൽ പലസ്തീൻ ഇടപെടേണ്ട കാര്യമില്ലെന്നും, യു.എന്നിലും പലസ്തീനിലും ഇന്ത്യ നൽകുന്ന പിന്തുണയാണ് തങ്ങൾക്ക് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്രയേൽ നരവേട്ട തുടരുകയാണെന്നും, കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 140-ൽ അധികം രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചിട്ടും അമേരിക്ക അതിനെ വീറ്റോ ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു.

ഗാന്ധിയുടെയും നെഹ്റുവിൻ്റെയും പിന്തുണ അനുസ്മരിച്ച് അംബാസഡർ സംസാരിച്ചു. “1947-ൽ യു.എന്നിൽ പലസ്തീനെ വിഭജിക്കാൻ ആലോചന നടന്നപ്പോൾ അതിനെ എതിർത്ത ആളാണ് മഹാത്മാഗാന്ധി. പലസ്തീൻ പലസ്തീൻ ജനതയുടേതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.”- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുൻ കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന ഇ. അഹമ്മദുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധം പലസ്തീൻ അംബാസഡർ അനുസ്മരിച്ചു. ഗാസയിലെ ഒരു അഭയാർഥി ക്യാമ്പിലാണ് താൻ ജനിച്ചതെന്ന് പറഞ്ഞ അദ്ദേഹം, പലസ്തീൻ ചരിത്രം ഒക്ടോബർ ഏഴിന് ആരംഭിക്കുന്നില്ലെന്നും അതിന് വളരെ ആഴത്തിലുള്ള വേരുകളുണ്ടെന്നും വ്യക്തമാക്കി.

“1947-ൽ ഐക്യരാഷ്ട്രസഭയിൽ പലസ്തീനെ വിഭജിക്കാൻ ആലോചന നടന്നപ്പോൾ അതിനെ എതിർത്ത മഹാനായ നേതാവാണ് മഹാത്മാഗാന്ധി. ബ്രിട്ടൻ ബ്രിട്ടീഷുകാരുടേതുപോലെ പലസ്തീൻ പലസ്തീൻകാരുടേതാണെന്ന് അദ്ദേഹം അന്ന് പറഞ്ഞു,” അംബാസഡർ ഓർത്തെടുത്തു.

പലസ്തീൻ പ്രശ്നം മുസ്ലീങ്ങളും ജൂതന്മാരും തമ്മിലുള്ള പ്രശ്നമല്ലെന്നും, അത് ഒരു മാനുഷികവും രാജ്യാന്തര നിയമ പ്രശ്നവുമാണെന്നും അംബാസഡർ വ്യക്തമാക്കി. അറബ്, മുസ്ലീം രാജ്യങ്ങൾക്കു പുറത്ത് പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഇന്ത്യ എന്നും പലസ്തീനൊപ്പം നിലനിന്ന രാജ്യം; നിലവിലെ സർക്കാർ പലസ്തീന് ഒപ്പമാണെന്നും പലസ്തീൻ അംബാസിഡർ