Leading News Portal in Kerala

ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി Devaswom Vigilance finds missing Dwarapalaka sculpture peedam at Sabarimala from complainants relatives house | Kerala


Last Updated:

ദേവസ്വം വിജിലൻസ് സംഘമാണ് പരാതിക്കാരന്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും പീഠം കണ്ടെത്തിയത്

ഫയൽ‌ ചിത്രംഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം

ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പ പീഠം പരാതിക്കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി. പീഠം കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പീഠം ഇവിടേക്ക് മാറ്റിയതെന്നാണ് വിവരം. വെഞ്ഞാറമൂട് ഉള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം വിജിലൻസ് കസ്റ്റഡിയിലെടുത്തത്.

വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. 2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നതായാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നതെന്നും വിജിലൻസ് സ്ഥിരീകരിച്ചു.

ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്. തുടർന്ന് ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും പീഠങ്ങള്‍ കണ്ടെത്താൻ നിര്‍ദേശിക്കുകയും ചെയ്തു. പീഠങ്ങൾ കണ്ടെത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെ നിയോഗിച്ചു. ദേവസ്വം ബോര്‍ഡിന്റെ എല്ലാ സ്‌ട്രോങ് റൂമുകളും വിജിലന്‍സ് സംഘം പരിശോധിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും പിന്നാലെ ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും ബെംഗളൂരുവിലെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തുകയും ചെയ്തു. ഒടുവിൽ പരാതി ഉന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു.