ഐ എസ് റിക്രൂട്ട്മെന്റ് കേസിലെ രണ്ടു പ്രതികളും കുറ്റക്കാർ; എട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി | Eight year imprisonment for the accused in the I S recruitment case | Kerala
Last Updated:
കോയമ്പത്തൂരിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവിൽ വെല്ലൂര്‍ ജയിലിലാണ്
കൊച്ചി: സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസറുദ്ദീനെയും ഷെയ്ഖ് ഹിദായത്തുള്ളയെയുമാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്. ജയിലിൽ കഴിഞ്ഞ കാലവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും.
രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവിൽ പറയുന്നു. മൂന്ന് വകുപ്പുകളിലായി എട്ടു വർഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2019 ലാണ് എൻഐഎ കേസ് അന്വേഷണം ആരംഭിച്ചത്.
നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയിരിക്കുന്ന കുറ്റം. ഐഎസിന്റെ ക്രൂരകൃത്യങ്ങൾ പറയുന്ന വീഡിയോകൾ, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക ഐഎസിന്‍റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളിഞ്ഞതായാണ് എൻഐഎ കോടതി കണ്ടെത്തിയിരിക്കുന്നത്.
യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാൻ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തൽ. കോയമ്പത്തൂരിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവിൽ വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്. കേസിന്‍റെ വിധി പറയുന്നതിന്‍റെ ഭാഗമായി ഇരുവരെയും ഇന്ന് കൊച്ചിയിലെത്തിയിരുന്നു.
Kochi [Cochin],Ernakulam,Kerala
September 29, 2025 2:29 PM IST
ഐ എസ് റിക്രൂട്ട്മെന്റ് കേസിലെ രണ്ടു പ്രതികളും കുറ്റക്കാർ; എട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
