രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു| Kerala Assembly Adjourns Amid Opposition Protest Over BJP Leaders Death Threat to Rahul Gandhi on News18 Debate | Kerala
Last Updated:
രാജ്യത്തെ ഏറ്റവും വലിയ നേതാവിന്റെ നെഞ്ചിൽ വെടിയുണ്ട ഉതിർക്കുമെന്ന് പറഞ്ഞത് എങ്ങനെ നിസ്സാരമാകും. പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ന്യൂസ് 18 ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാൽ നോട്ടീസ് അവതരിപ്പിക്കാൻ തക്ക പ്രാധാന്യമോ അടിയന്തര സ്വഭാവമോ ഇക്കാര്യത്തിലുള്ളതായി കാണുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ എ എൻ ഷംസീർ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ കയറി. തുടർന്ന് വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പിരിഞ്ഞു.
ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് പറഞ്ഞ കേസാണിതെന്നും ഇത് ഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അത് നിസ്സാരമായ വിഷയമാണെന്നും ഗൗരവം ഇല്ലാത്ത വിഷയമാണെന്നും സ്പീക്കർ പറഞ്ഞതിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സതീശൻ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ നേതാവിന്റെ നെഞ്ചിൽ വെടിയുണ്ട ഉതിർക്കുമെന്ന് പറഞ്ഞത് എങ്ങനെ നിസ്സാരമാകും. പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു ടിവി ചർച്ചയ്ക്ക് അകത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
എന്നാൽ, പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സഭയിൽ തനിക്കുവേണ്ടി സംസാരിക്കാൻ ആളില്ലെന്ന വിലാപത്തിലാണ് എ കെ ആന്റണി വാർത്താ സമ്മേളനം വിളിച്ചത്. രാഹുൽഗാന്ധി ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതുവരെ ഒന്നും ചെയ്തില്ലല്ലോ എന്നതുകൊണ്ടാണ് പ്രതിപക്ഷം ഇന്ന് സഭയിൽ സമരാഭാസം നടത്തുന്നത്. 26ന് നടന്ന സംഭവം ഇതുവരെ എന്തുകൊണ്ട് ഉന്നയിച്ചില്ല. ഒരു പ്രകടനം പോലും നടത്തിയില്ല. അടിയന്തരപ്രമേയം എന്തുകൊണ്ട് ഇത്രയും വൈകിച്ചുവെന്നും രാജീവ് ചോദിച്ചു.
വിവാദ പരാമർശത്തിൽ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിൻ്റു മഹാദേവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. കലാപാഹ്വാന മടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായസംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
സെപ്റ്റംബർ 26-ന് ന്യൂസ് 18 ചാനലിൽ ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ച് നടന്ന ചാനൽ ചർച്ചയിലാണു പ്രിൻ്റുവിന്റെ പ്രകോപന പരാമർശം. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ പേരാമംഗലം പോലീസിന് നൽകിയ പരാതിയിലാണ് നടപടി. നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. സ്കൂൾ അധ്യാപകനാണ് പ്രിന്റു മഹാദേവ്.
വിവാദ പരാമർശം നടത്തിയ പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രിന്റു മഹാദേവിന്റെ പേരാമംഗലത്തെ വീട്ടിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 30, 2025 11:00 AM IST
രാഹുൽ ഗാന്ധിക്കെതിരെ ന്യൂസ് 18 ചർച്ചയിലെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശം; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
