Leading News Portal in Kerala

പലസ്തീൻ മൈം വിവാദം; ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പിടിഎ Palestine mime controversy School PTA says action will be taken against accused teachers  | Kerala


Last Updated:

കലോത്സവം മറ്റൊരു ദിവസം നടത്തി കുട്ടികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിക്കാടുക്കുമെന്നും പിടിഎ പ്രസിഡന്‍റ് പറഞ്ഞു

News18News18
News18

കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം തടയുകയും കലോത്സവം നിർത്തി വെയ്പ്പിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്കൂൾ പിടിഎ. കലോത്സവം മറ്റൊരു ദിവസം നടത്തി കുട്ടികൾക്ക വീണ്ടും മൈം അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിക്കാടുക്കുമെന്നും പിടിഎ പ്രസിഡന്‍റ് പറഞ്ഞു.

ഇനി നടത്താനുള്ള എല്ലാ പരിപാടികളും മറ്റൊരു ദിവസം നടത്തും. പലസ്തീന്റെ പതാക കാണിക്കുന്നതിൽ സ്കൂളിന് പ്രശ്നമില്ല.ലോകത്തെ 80 ശതമാനം ജനങ്ങളും പലസ്തീന് ഐക്യദാർഢ്യവുമായാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന കലോത്സവമെടുത്താൽ ആനുകാലിക വിഷയങ്ങളാണ് മൈം പോലെയുള്ള മത്സരങ്ങളിൽ അവതരിപ്പിക്കുന്നത്. അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ ഉന്നതാധികാരികളോട് ആവശ്യപ്പെടാനും പിടിഎ യോഗത്തിൽ തീരുമാനമായെന്നും പ്രസിഡന്‍റ് പറഞ്ഞു.

മൈം തടയുകയും കലോത്സവം നിർത്തി വെയ്പ്പിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെടുകയും അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് മൈം അവതരിപ്പിച്ചത്. പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർ‌ട്ടൻ താഴ്ത്തുകയും കലോത്സവത്തിലെ മറ്റ് എല്ലാ പരിപാടികളും നിർത്തിവെക്കുകയുമായിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥികൾ വേദിക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.