‘കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം’; ഹമീദ് ഫൈസി അമ്പലക്കടവ്| Samastha Leader Hameed Faizy Ambalakadavu Slams KM Shajis Statement as Hurtful to Sunni Community | Kerala
Last Updated:
‘മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും മതാനുഷ്ഠാന കർമ്മങ്ങളും എത്ര വരെ നിർവഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു’
കോഴിക്കോട്: മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരു പോലെ തെറ്റാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ പ്രസ്താവനക്കെതിരെ സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. കെ എം ഷാജിയുടെ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ- ‘വിശുദ്ധാത്മാക്കളുടെ കബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണ്. സുന്നികൾക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിത്.
സുന്നികൾക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകൾക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലർ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല. മുജാഹിദ് വിഭാഗങ്ങൾക്ക് മുസ്ലിം ലീഗിൽ എത്ര ഉയർന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികൾ അതുൾക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്ലിങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവർ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല.
ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും മതാനുഷ്ഠാന കർമ്മങ്ങളും എത്ര വരെ നിർവഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
മുസ്ലിം ലീഗിൽ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്ലിം ലീഗ് നേതാക്കന്മാർ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്.?’
ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റി സി എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കെ എം ഷാജിയുടെ പരാമർശമുണ്ടായത്.
അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അമൃതപുരിയിലെത്തിയ മന്ത്രി സജി ചെറിയാന്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ വിമര്‍ശിക്കുന്നതിനിടെയാണ് കെ.എം ഷാജി ഒരു മന്ത്രി ആള്‍ദൈവത്തെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും തെറ്റാണെന്ന് പറഞ്ഞത്.
‘അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സ്‌നേഹിച്ചോട്ടെ, ഇഷ്ടപ്പെട്ടോട്ടെ, ഉമ്മ വെച്ചോട്ടെ, കെട്ടിപിടിച്ചോട്ടെ പക്ഷെ അതൊരു മന്ത്രി ചെയ്യുമ്പോള്‍ തെറ്റാണ്. അമൃതാനന്ദമയി എന്ന ആള്‍ ദൈവത്തിന്റെ കാര്യം മാത്രമല്ല, ദര്‍ഗയില്‍ പോയി തുണി വിരിക്കുമ്പോള്‍ അതും തെറ്റാണ്. അത് മന്ത്രി ചെയ്യേണ്ടതല്ല, അതൊരു മന്ത്രിയുടെ പണിയല്ല. അതാണ് പ്രശ്‌നം’, കെ എം ഷാജി പറഞ്ഞു.
Kozhikode [Calicut],Kozhikode,Kerala
October 06, 2025 9:53 PM IST
