പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു|ksrtc driver who faced action for not removing plastic bottles collapses while driving bus | Kerala
Last Updated:
സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്
കോട്ടയം: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൻ്റെ പേരിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്.
സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ജയ്മോൻ പറഞ്ഞു. താൻ പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നയാളാണെന്നും, നടപടി നേരിട്ട ദിവസം ബസിൻ്റെ മുൻപിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളം കരുതിയിരുന്ന കുപ്പികളായിരുന്നെന്നും ജയ്മോൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലിക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ജയ്മോൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് ഉത്തരവാദികളായ മൂന്ന് പേരെയും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചതായി നടപടി നേരിട്ടവർ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതറിഞ്ഞപ്പോഴാണ് ജയ്മോന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയ്മോനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു.
Kottayam,Kottayam,Kerala
October 07, 2025 8:39 AM IST
