പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണംപോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ| Stolen Bike Owner Catches Thief Riding His Motorcycle Minutes After Filing Complaint | Kerala
Last Updated:
പരാതി നൽകി പുറത്തിറങ്ങിയപ്പോൾ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തൻ്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
പാലക്കാട്: ഇത്ര ഗതികെട്ട മോഷ്ടാവ് ഈ ഭൂമിയിലുണ്ടോ?. ബൈക്ക് മോഷണം പോയെന്ന് ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി വരുമ്പോൾ കണ്ടത് മോഷണം പോയ ബൈക്കോടിച്ച് പോകുന്ന മോഷ്ടാവിനെ. പിന്നെ ഓടിച്ചിട്ട് പിടികൂടി ഉടമ. മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്.
കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതി നൽകി പുറത്തിറങ്ങിയപ്പോൾ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തൻ്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാപ്പോഴാണ് രാധാകൃഷ്ണൻ്റെ ബൈക്ക് മോഷണം പോയത്. തുടർന്ന് രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
രാധാകൃഷ്ണൻ പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. പൊലീസെത്തി പിടികൂടിയ പ്രതി രാജേന്ദ്രന് മേൽ ബിഎൻഎസ് 306, 3(5) തുടങ്ങിയ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തിരിക്കുകയാണ്. മദ്യലഹരിയിലാണ് രാജേന്ദ്രൻ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിക്കാൻ സഹായിച്ച മറ്റൊരാൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Palakkad,Palakkad,Kerala
October 07, 2025 5:14 PM IST
