വന്ദേഭാരതിലെ യാത്രക്കാർക്ക് ഇനി കേരള ഭക്ഷണം; ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പുതിയ കരാർ|Kerala food now available for Vande Bharat passengers New agreement | Kerala
Last Updated:
ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണ്ണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മെനു
തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ പുതിയ കരാറുകാർ ഇന്നലെ വിതരണം ചെയ്തു തുടങ്ങിയ ഭക്ഷണത്തിന്റെ നിലവാരത്തിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തി. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണ്ണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മെനു.
പുതിയ മെനുവിൽ ചോറിനായി ബസ്മതിക്ക് പകരം മട്ട അരിയാണ് നൽകിയത്. ഇതിന് പുറമെ ചപ്പാത്തി, ചെറുപയർ തോരൻ, കാളൻ, ആലപ്പി വെജ് കറി, തൈര്, പാലട പായസം എന്നിവയും വെജിറ്റേറിയൻ വിഭാഗത്തിൽ ഉൾപ്പെടുത്തി. നോൺ വെജ് വിഭാഗത്തിൽ ചിക്കൻ കറിയാണ് വിതരണം ചെയ്തത്. ഐആർസിടിസി സൂപ്പർവൈസർമാർ യാത്രക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായം ശേഖരിച്ചപ്പോഴും ഭക്ഷണം മെച്ചപ്പെട്ടുവെന്ന വിലയിരുത്തലാണ് ലഭിച്ചത്.
നിലവാരം തുടർന്നും ഉറപ്പാക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇടയ്ക്കിടെ വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. കൂടാതെ, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു. നിലവിൽ, തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് സർവീസിൽ എ.എസ്. സെയിൽ കോർപറേഷനും മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിൽ സങ്കൽപ് ക്രിയേഷൻസുമാണ് ഭക്ഷണ വിതരണം നടത്തുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 17, 2025 10:19 AM IST
